22 വിമാനങ്ങൾ കൂടി എത്തും; ഇന്ത്യ ഒഴികെ മറ്റൊരു രാജ്യവും ഒഴിപ്പിക്കൽ നടത്തിയിട്ടില്ല: വി മുരളീധരൻ

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 22 വിമാനങ്ങൾ എത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഖാർക്കിവിലും സുമിയിലും ഉള്ളവരെ സുരക്ഷിതരാക്കാൻ ശ്രമം തുടരുകയാണ്. 1300 ഇന്ത്യക്കാർ ഇതുവരെ അതിർത്തി കടന്നു. രക്ഷാദൗത്യം വിജയകരമായി മുന്നോട്ട് പോകുകയാണെന്ന് പറഞ്ഞ അദേഹം ഇന്ത്യ ഒഴികെ മറ്റൊരു രാജ്യവും ഒഴിപ്പിക്കൽ നടത്തിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

യുക്രൈനിൽ യുദ്ധം എട്ടാം ദിവസവും തുടരുന്ന പശ്ചാത്തലത്തിൽ യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യൻ അതിർത്തി വഴി ഒഴിപ്പിക്കാൻ റഷ്യ സമ്മതമറിയിച്ചിരുന്നു. അടിയന്തരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഖാർക്കീവിൽ നിന്ന് ദൈർഘ്യം കുറഞ്ഞ മാർഗം വഴി ഇന്ത്യക്കാരെ റഷ്യയിലെത്തിക്കാനാണ് തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി നടത്തിയ നിർണായക ചർച്ചയിലാണ് തീരുമാനം. ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രൈൻ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് റഷ്യ കുറ്റപ്പെടുത്തി. റഷ്യൻ അതിർത്തികളിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളെ കടത്തിവിടാത്തത് യുക്രൈനാണെന്നും റഷ്യ ആരോപിച്ചു.