റോഡുകൾ ഇനി കുത്തിപ്പൊളിക്കില്ലെന്ന ഉറപ്പുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് കുത്തിപ്പൊളിക്കുന്നത് തടയാൻ പ്രവൃത്തി കലണ്ടർ തയ്യാറാക്കും. ടാറിംഗിന് പിന്നാലെ പൈപ്പിടാൻ റോഡ് കുത്തിപ്പൊളിക്കുന്നത് നമ്മുടെ നാട്ടിലെ കാലങ്ങളായുള്ള പ്രശ്നമാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഇതിന് പ്രധാന കാരണം.
ടാറിംഗ് പ്രവൃത്തി നടത്തുന്നതും പൈപ്പിടുന്നതും ജനങ്ങളുടെ ആവശ്യത്തിനാണ്. എന്നാൽ ടാറിംഗ് കഴിഞ്ഞ ശേഷം റോഡ് കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പ്രവൃത്തി കലണ്ടറിന്റെ ഭാഗമായി പുതിയതായി ടാറ് ചെയ്തു പണി പൂർത്തീകരിച്ച റോഡുകൾ ഒരു വർഷത്തിനു ശേഷം മാത്രമേ വെട്ടിപ്പൊളിച്ച് പൈപ്പിടാൻ അനുവദിക്കുകയുള്ളുവെന്നും ചോർച്ചയെ തുടർന്നുള്ള അടിയന്തരമായ അറ്റകുറ്റപ്പണികൾ, വലിയ പദ്ധതികൾ, ഉയർന്ന മുൻഗണനയുള്ള പദ്ധതികൾ എന്നിവയ്ക്കു മാത്രം ഇളവുകളുണ്ടാകണമെന്നും തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം
ടാറിംഗിന് പിന്നാലെ പൈപ്പിടാന്‍ റോഡ് കുത്തിപ്പൊളിക്കുന്നത് നമ്മുടെ നാട്ടിലെ കാലങ്ങളായുള്ള പ്രശ്നമാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഇതിന് പ്രധാന കാരണം. ടാറിംഗ് പ്രവൃത്തി നടത്തുന്നതും പൈപ്പിടുന്നതും ജനങ്ങളുടെ ആവശ്യത്തിനാണ്. എന്നാല്‍ ടാറിംഗ് കഴിഞ്ഞ ശേഷം റോഡ് കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമായിരുന്നു. വകുപ്പിന്‍റെ ചുമതലയേറ്റെടുത്തയുടന്‍ തന്നെ ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിന്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചത്. നാടിന്‍റെ പൊതുവായ പ്രശ്നം എന്ന നിലയില്‍ വകുപ്പുകളുടെ ഏകോപനത്തിനായി അദ്ദേഹം മുൻകൈയ്യെടുത്തു.
ജനുവരിയില്‍ വിളിച്ചുചേര്‍ത്ത മന്ത്രിതല യോഗത്തിലാണ് പ്രവൃത്തി കലണ്ടര്‍ തയ്യാറാക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. രണ്ട് വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു നിരീക്ഷണ സമിതി ഇതിനായി രൂപീകരിച്ചിരുന്നു. ആ സമിതിയാണ് പ്രവൃത്തി കലണ്ടര്‍ എന്ന ആശയം മുന്നോട്ട് വെച്ചത്.
പ്രവൃത്തി കലണ്ടറിന്റെ ഭാഗമായി പുതിയതായി ടാറ് ചെയ്തു പണി പൂര്‍ത്തീകരിച്ച റോഡുകള്‍ ഒരു വര്‍ഷത്തിനു ശേഷം മാത്രമേ വെട്ടിപ്പൊളിച്ച് പൈപ്പിടാന്‍ അനുവദിക്കുകയുള്ളുവെന്നും ചോര്‍ച്ചയെ തുടര്‍ന്നുള്ള അടിയന്തരമായ അറ്റകുറ്റപ്പണികള്‍, വലിയ പദ്ധതികള്‍, ഉയര്‍ന്ന മുന്‍ഗണനയുള്ള പദ്ധതികള്‍ എന്നിവയ്ക്കു മാത്രം ഇളവുകളുണ്ടാകണമെന്നും തീരുമാനിച്ചു.