കൊച്ചി: ബിസിനസ്സ് ഇതര സമയങ്ങളിലും ബാങ്ക് അവധി ദിവസങ്ങളിലും നടത്തുന്ന ഇടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കാൻ ഐസിഐസിഐ ബാങ്ക്. 50 രൂപയാണ് ഈടാക്കുക. നവംബർ 1 മുതൽ ഫീസ് ചാർജ്ജ് ഈടാക്കുന്നത് പ്രാബല്യത്തിൽ വന്നു.
അവധി ദിവസങ്ങളിലും ബിസിനസ് ഇതര സമയങ്ങളിലും ക്യാഷ് റീസൈക്ലറുകൾ / ക്യാഷ് ആക്സെപ്റ്റർ മെഷീൻ വഴി പണം നിക്ഷേപിക്കുന്ന ഉപഭോക്താക്കളിൽ നിന്നാണ് ബാങ്ക് ചാർജ്ജ് ഈടാക്കുന്നത്. വൈകുന്നേരം 6:00 നും രാവിലെ 8:00 നും ഇടയിൽ ഇടപാട് നടത്തുന്നവരിൽ നിന്നും അവധി ദിവസങ്ങളിൽ ഇടപാട് നടത്തുന്നവരിൽ നിന്നാണ് ചാർജ്ജ് ഈടാക്കുന്നത്.
റീസൈക്ലർ മെഷീൻ വഴി പ്രതിമാസം 10,000 രൂപയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നവർക്കാണ് ഫീസ് ബാധകം. ഒന്നിലധികമോ അല്ലെങ്കിൽ ഒറ്റതവണയോ നീക്ഷേപിച്ചാലും ഫീസ് ഈടാക്കും. എന്നാൽ മുതിർന്ന പൗരന്മാർ, അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ, ജൻ ധൻ അക്കൗണ്ടുകൾ, കാഴ്ചയില്ലാത്തവർ, ഭിന്നശേഷിയുള്ളവർ എന്നിവരുടെ എന്നിവയ്ക്ക് ഇത് ബാധകമല്ല.
നേരത്തേ ബാങ്കിംഗ് സമയത്തിന് ശേഷം (വൈകുന്നേരം 5:00 നും 9:30 നും ഇടയിൽ) പണ നിക്ഷേപ ഇടപാടിന് സമാനമായ ഫീസ് ആക്സിസ് ബാങ്കും ഏർപ്പെടുത്തിയിരുന്നു.