സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേർക്ക് (2,15,27,035) ആദ്യ ഡോസ് വാക്സിൻ നൽകി. ആരോഗ്യമന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഈ വിഭാഗത്തിൽ 27.74 ശതമാനം പേർക്ക് (79,60,935) രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇത് യഥാക്രമം 60.81 ശതമാനവും 22.49 ശതമാനവുമാണ്. ഇതോടെ ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 2,94,87,970 പേർക്കാണ് വാക്സിൻ നൽകിയത്. വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനം നടത്തിയ ഊർജിത ശ്രമങ്ങളാണ് ഇത്ര വേഗം ഈ ലക്ഷ്യം കൈവരിക്കാനായത്. ആഗസ്റ്റ് മാസത്തിൽ മാത്രം 88 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകാനായി.
ഈ മാസത്തിൽ തന്നെ 18 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകാനാണ് സംസ്ഥാനം സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് കൂടുതൽ വാക്സിൻ ആവശ്യമാണ്. സംസ്ഥാനത്ത് വീണ്ടും വാക്സിൻ ക്ഷാമം നേരിടുകയാണ്. മിക്കവാറും ജില്ലകളിൽ വാക്സിൻ ക്ഷാമമുണ്ട്. വാക്സിനേഷൻ സുഗമമായി നടത്താൻ കേന്ദ്രത്തോട് കൂടുതൽ വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്നതിനാൽ പരമാവധി പേർക്ക് വാക്സിൻ നൽകി സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്. 2021 ജനുവരി 16നാണ് കോവിഡ് വാക്സിനേഷൻ ആരംഭിച്ചത്.
ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മാത്രം 1.95 കോടിയിലധികം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. വാക്സിനേഷൻ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് അനുബന്ധ ക്യാമ്പയിനുകളും സംഘടിപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. രാജ്യത്ത് ആദ്യയമായി കിടപ്പ് രോഗികൾക്ക് വീട്ടിൽ പോയി വാക്സിൻ നൽകി. 60 വയസിന് മുകളിലുള്ളവർക്കും കിടപ്പ് രോഗികൾക്കും മുഴുവൻ ആദ്യ ഡോസ് വാക്സിൻ നൽകുന്നതിതിനായി പ്രത്യേക യജ്ഞങ്ങൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. വാക്സിൻ സമത്വത്തിനായി വേവ് (WAVE: Work Along for Vaccine Equity) ക്യാമ്പയിൻ, ഗർഭിണികളുടെ വാക്സിനേഷനായി മാതൃകവചം തുടങ്ങിയ പ്രത്യേക പരിപാടികളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി.
ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും 100 ശതമാനം ആദ്യ ഡോസും 86 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 92 ശതമാനം പേർക്ക് ഒന്നാം ഡോസും 47 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 18 വയസിനും 44 വയസിനും ഇടയിലുള്ള 54 ശതമാനം പേർക്ക് ഒന്നാം ഡോസ് നൽകിയിട്ടുണ്ട്.