അതിര്‍ത്തി കടക്കുന്ന മലയാളി യാത്രക്കാരുടെ ശരീരത്തില്‍ സീല്‍ പതിപ്പിച്ച് കര്‍ണാടക; ഇടപെട്ട് മുഖ്യമന്ത്രി

 

മാനന്തവാടി: വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്കു പോകുന്ന കര്‍ഷകരുടെ ശരീരത്തില്‍ കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സീല്‍ പതിപ്പിക്കുന്നതായി പരാതി. മാനന്തവാടി-മൈസൂര്‍ റോഡിലെ ബാവലി ചെക്പോസ്റ്റിലാണ് യാത്രക്കാരുടെ കൈയില്‍ തിയ്യതി രേഖപ്പെടുത്തിയ മുദ്ര പതിപ്പിക്കുന്നത്.

കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് കടക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിവാദ നടപടി. വയനാട് മാനന്തവാടി, പടിഞ്ഞാറത്തറ സ്വദേശികളായ കര്‍ഷകരാണ് പരാതിയുമായി രംഗത്തെത്തിയത്.

വയനാട്ടില്‍ നിന്ന് മൈസൂര്‍ ജില്ലയിലേക്ക് കടക്കാന്‍ ഉപയോഗിക്കുന്ന ബാവലി ചെക്പോസ്റ്റിലാണ് ഇത്തരത്തില്‍ യാത്രക്കാരുടെ കയ്യില്‍ മുദ്ര പതിപ്പിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി വയനാട് ജില്ല കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.