ലോകായുക്ത തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു: കെ ടി ജലീൽ സുപ്രീം കോടതിയിൽ

 

ബന്ധുനിയമന വിവാദത്തിൽ ലോകായുക്തക്കെതിരെ മുൻ മന്ത്രി കെ ടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു. തനിക്കെതിരെ ലോകായുക്ത തയ്യാറാക്കിയ റിപ്പോർട്ടും ഇതുശരിവെച്ചു കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവും സ്റ്റേ ചെയ്യണമെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നത്

ലോകായുക്തയുടെ ഭാഗത്ത് നിന്ന് സ്വാഭാവിക നീതി നിഷേധമുണ്ടായി. തനിക്കെതിരെ പുറപ്പെടുവിച്ച റിപ്പോർട്ട് ഏകപക്ഷീയമാണ്. തനിക്ക് നീതി നിഷേധിച്ചു. പരാതിക്കാർ വാക്കാൽ ഉന്നയിച്ച ആരോപണങ്ങൾ മാത്രം കേട്ടാണ് ലോകായുക്ത റിപ്പോർട്ടെന്നും ജലീൽ പറയുന്നു

പരാതി ലഭിച്ചാൽ ആരോപണവിധേയന്റെ ഭാഗം കേൾക്കുക എന്ന സ്വാഭാവിക നീതി പോലും തന്റെ കാര്യത്തിൽ പാലിക്കപ്പെട്ടില്ല. ഇത്തരമൊരു പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണം നടത്തുക, അതിന്റെ പകർപ്പ് ആരോപണ വിധേയന് നൽകുക., അയാൾക്ക് പറയാനുള്ളത് കേൾക്കുക എന്നിവയൊന്നും തന്റെ കാര്യത്തിൽ പാലിക്കപെട്ടിട്ടില്ല.

അദീപിനെ ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി നിയമിച്ചത് ചട്ടങ്ങൾ പാലിച്ചാണ്. അദീപിന്റെ നിയമനം നടത്തിയത്. കോർപറേഷനാണ്. അത് അംഗീകരിക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും ജലീൽ പറയുന്നു.