കനത്ത മഴയിൽ കോഴിക്കോടിന്റെ കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും

 

കോഴിക്കോടിന്റെ കിഴക്കൻ മേഖലയിൽ അതിശക്തമായ മഴയിൽ പലയിടത്തും ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും. കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങൾ വെള്ളത്തിനടിയിലായി. അടിവാരം ടൗണിൽ വെള്ളമുയർന്നു. നഗരത്തിലെ കടകളിൽ മിക്കതിലും വെള്ളം കയറി

അടിവാരം, പുതുപ്പാടി, കാവിലുംപാറ തുടങ്ങിയ മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. മലയോര മേഖലയിലേക്കും ചുരത്തിലേക്കുമുള്ള യാത്രകളും രാത്രി യാത്രകളും പരമാവധി ഒഴിവാക്കണമെന്നും കലക്ടർ നിർദേശിച്ചു

കുറ്റ്യാടി-മാനന്തവാടി ചുരം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ബാലുശ്ശേരി പനങ്ങാട് പഞ്ചായത്തിലെ തോരാട് മലയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണു. അപകടത്തിൽ ആർക്കും പരുക്കില്ല. കാവിലുംപാറ വില്ലേജിൽ ചാത്തങ്കോട്ട നടയിൽ ഉരുൾപൊട്ടി. പരിസരത്തുള്ള വീട്ടുകാരെ മാറ്റിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിലും ശക്തമായ മഴയാണ് പെയ്യുന്നത്.