രേഖകൾ ഹാജരാക്കാൻ കേന്ദ്രത്തിന് നിർദേശം; മീഡിയ വൺ സംപ്രേഷണ വിലക്ക് മരവിപ്പിച്ചത് നീട്ടി

 

കൊച്ചി: മീഡിയ വൺ ടെലിവിഷൻ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി മരവിപ്പിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈക്കോടതി ഏഴു വരെ നീട്ടി. ചാനലിനു സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആഭ്യന്തര മന്ത്രാലത്തിനു ജസ്റ്റിസ് എൻ നഗരേഷ് നിർദേശം നൽകി. കേസ് ഏഴിനു വീണ്ടും പരിഗണിക്കും.

തിങ്കളാഴ്ചയായിരുന്നു മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിക്കൊണ്ടുള്ള കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തുവന്നത്. തുടര്‍ന്ന് ചാനല്‍ സംപ്രേഷണം അവസാനിപ്പിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. രണ്ട് ദിവസത്തേക്കായിരുന്നു കേന്ദ്ര ഉത്തരവ് ഹൈക്കോടതി തിങ്കളാഴ്ച മരവിപ്പിച്ചത്.

സുരക്ഷാ കാരണങ്ങളാലാണു ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയതെന്നും വിശദാംശങ്ങള്‍ പരസ്യമായി വെളിപ്പെടുത്താനാകില്ലെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ് മനു ഇന്ന് കോടതിയെ അറിയിച്ചു. കോടതി നിര്‍ദേശിച്ചാല്‍ ബന്ധപ്പെട്ട ഫയലുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇതേത്തുടര്‍ന്നാണ് രേഖകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.