വിദേശപൗരനെ അവഹേളിച്ച സംഭവം: മൂന്ന് പോലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം

 

പുതുവർഷ തലേന്ന് കോവളത്ത് സ്വീഡിഷ് പൗരനെ അവഹേളിച്ച സംഭവത്തിൽ മൂന്ന് പോലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ എസ് ഐ അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ മനീഷ്, സജിത് എന്നിവർക്കെതിരെയാണ് അന്വേഷണം. സംഭവത്തിൽ ഗ്രേഡ് എസ് ഐയെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു

സംഭവം വിവാദമായതോടെ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുകയും ഡിജിപിയോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. എന്നാൽ ബീച്ചിലേക്ക് മദ്യം കൊണ്ടുപോയതാണ് തടഞ്ഞതെന്നും എസ് ഐയുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. എന്നാൽ ബീച്ചിലേക്കല്ല മദ്യം കൊണ്ടുപോയതെന്ന് സ്വീഡിഷ് പൗരൻ സ്റ്റീഫൻ ആസ്ബർഗ് പറഞ്ഞു

പോലീസ് തടഞ്ഞ് മദ്യത്തിന്റെ ബിൽ ചോദിച്ചതിനാൽ സ്റ്റീഫൻ മദ്യം ഒഴുക്കി കളയുകയായിരുന്നു. ഇത് വലിയ വിവാദമായി മാറുകയും ചെയ്തു. മന്ത്രി വി ശിവൻകുട്ടി ഇന്നലെ സ്റ്റീഫനെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചുവരുത്തി ഖേദം പ്രകടിപ്പിച്ചിരുന്നു.