കൈറ്റ് വിക്ടേഴ്സില്‍ സ്കൂള്‍ കുട്ടികള്‍ക്കായി ആരംഭിച്ച ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി നവംബര്‍ 2 തിങ്കള്‍ മുതല്‍ പ്ലസ് വണ്‍ ക്ലാസുകളും ആരംഭിക്കുന്നു. ആദ്യ ആഴ്ചകളില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ഇക്കണോമിക്സ്, അക്കൗണ്ടന്‍സി തുടങ്ങിയ വിഷയങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. തുടർന്നുള്ള ദിവസങ്ങളില്‍ മറ്റ് വിഷയങ്ങളുടെ സംപ്രേഷണവും ഉണ്ടായിരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വർ സാദത്ത് അറിയിച്ചു.
തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30-നും 10.00-നുമായി രണ്ടു ക്ലാസുകള്‍ വീതമാണ് സംപ്രേഷണം ചെയ്യുന്നത്. ക്ലാസുകള്‍ കഴിയുന്ന മുറയ്ക്ക് ക്ലാസും വിഷയവും തിരിച്ച് കാണാവുന്ന വീഡിയോ ഓണ്‍ ഡിമാന്റ് പ്ലാറ്റ് ഫോമും ഒരുക്കിയിട്ടുണ്ട്. www.firstbell.kite.kerala.gov.in എന്ന സൈറ്റില്‍ ഇത് ലഭ്യമാണ്. ഇതോടൊപ്പം ഔദ്യോഗിക യൂട്യൂബ് പേജ് ആയ youtube.com/itsvicters ലും facebook.com/victerseduchannel ലും www.victers.kite.kerala.gov.in എന്ന സൈറ്റിലും ക്ലാസുകള്‍ കാണാവുന്നതാണ്.
പ്ലസ് വണ്‍ ക്ലാസുകളുടെ പുനഃസംപ്രേഷണം അതത് ദിവസങ്ങളില്‍ രാത്രി 8.30 മുതല്‍ 9.30 വരെ ഉണ്ടായിരിക്കും. കൂടാതെ അങ്കണവാടി കുട്ടികള്‍ക്കായുള്ള കിളിക്കൊഞ്ചല്‍ ശനി, ഞായർ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യും.