ബന്ധുനിയമന വിവാദം: കെ ടി ജലീലിന്റെ ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല; ഹർജി പിന്‍വലിച്ചു

 

ന്യൂഡല്‍ഹി: ബന്ധു നിയമന വിവാദത്തില്‍ ഹൈക്കോടതി വിധിയെയും ലോകായുക്തയുടെ കണ്ടെത്തലിനെയും ചോദ്യം ചെയ്തുകൊണ്ട് മുന്‍മന്ത്രി കെ ടി ജലീല്‍ സമര്‍പ്പിച്ച ഹർജി പരിഗണിക്കുന്നതിന് സുപ്രീം കോടതി വിസമ്മതിച്ചു. ബന്ധുവല്ലായിരുന്നുവെങ്കില്‍ വാദങ്ങള്‍ പരിഗണനക്കെടുക്കാമെന്ന് മാത്രമാണ് ഹർജി സംബന്ധിച്ച് സുപ്രീം കോടതി പറഞ്ഞത് തുടര്‍ന്ന് ഹർജി കെ ടി ജലീല്‍ പിന്‍വലിച്ചു.

തനിക്ക് സ്വാഭാവിക നീതി നഷ്ടപ്പെട്ടെന്നും തന്നെ കേള്‍ക്കാന്‍ ലോകായുക്ത തയാറായില്ലെന്നുമാണ് കെ ടി ജലീല്‍ ഹർജിയില്‍ പറഞ്ഞിരുന്നത്. കേസില്‍ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്നും ഹർജിയില്‍ പറയുന്നു. തനിക്കെതിരായ വാദങ്ങളില്‍ കൃത്യതയില്ലെന്നും ബന്ധുവായ ആളെ ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചതില്‍ ഒരു തരത്തിലുമുള്ള അധികാര ദുര്‍വിനിയോഗം ഇല്ലെന്നും ജലീല്‍ ചൂണ്ടിക്കാട്ടി.

ജലീല്‍ സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നതുള്‍പ്പെടെ ലോകായുക്ത ചില കണ്ടെത്തലുകള്‍ നടത്തിയിരുന്നു. അതിനാല്‍ തന്നെ അധികാരത്തില്‍ തുടരാന്‍ കഴിയില്ല എന്നാണ് ലോകായുക്ത ചൂണ്ടിക്കാട്ടിയത്. ഈ നിരീക്ഷണങ്ങള്‍ ഹൈക്കോടതിയും ശരിവച്ചിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടും റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുമായിരുന്നു കെ ടി ജലീലിന്റെ ഹർജി