കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ; ചൊവ്വാഴ്ചയോടെ തീരുമാനം

സംസ്ഥാനത്തെ കൊവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ചൊവ്വാഴ്ചയോടെ മാറ്റമുണ്ടായേക്കും. ടിപിആർ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളാണ് മാറ്റുന്നത്. രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുള്ള ബദൽ നടപടികളാണ് ആലോചിക്കുന്നത്.

സംസ്ഥാനമാകെ അടച്ചുപൂട്ടിയിട്ടും കേസുകൾ കുറയാതെ തുടരുന്ന സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങൾക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. കൂടുതൽ അടച്ചിടാനാകില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും. പക്ഷേ മുഴുവൻ തുറക്കരുതെന്ന കർശന നിർദേശമാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. ഇതോടെ സംസ്ഥാന സർക്കാരിന് മുകളിലാണ് സമ്മർദമേറെയും

വിദ്ഗധ സമിതിയുടെ ബദൽ നിർദേശം ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗം പരിശോധിക്കും. കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട വാർഡുകൾ മാത്രം അടച്ചുള്ള ബദലാണ് പരിഗണിക്കുന്നത്. മറ്റ് സ്ഥലങ്ങളിൽ എല്ലാ ദിവസവും എല്ലാ കടകളും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തുറന്നേക്കും. വാരാന്ത്യ ലോക്ക് ഡൗണും ഒഴിവാക്കും.