തിരുവനന്തപുരം: കടകൾക്ക് മുന്നിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കർശന നിയമ നടപടി. തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ച സ്ഥാപനങ്ങൾക്കു മുന്നിൽ ആൾക്കൂട്ടം തടയുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. നിർദ്ദേശങ്ങൾ പാലിക്കാത്ത കടയുടമകൾ, സ്ഥാപന നടത്തിപ്പുകാർ, ഉപഭോക്താക്കൾ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം.
അവശ്യ സർവ്വീസ് വിഭാഗത്തിൽപ്പെട്ടവർ യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ കാർഡ് വേണമെന്നും മറ്റുള്ളവർ സത്യവാങ്മൂലം കരുതണമെന്നും ഡിജിപി നിർദ്ദേശിച്ചു. പുതിയ ജോലിയിൽ പ്രവേശിക്കൽ, പരീക്ഷ, വൈദ്യചികിത്സ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കൽ മുതലായ കാര്യങ്ങൾക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ.
ഇതിന് സത്യവാങ്മൂലം നിർബന്ധമാണ്. ജില്ല വിട്ടുള്ള യാത്ര പരമാവധി ഒഴിവാക്കണം. പ്രാദേശികതലത്തിലെ ആവശ്യങ്ങൾ പരിഗണിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ ആവശ്യമായ നിയന്ത്രണങ്ങൾ ജില്ലാ പോലീസ് മേധാവിമാർക്ക് ഏർപ്പെടുത്താവുന്നതാണമെന്നും അദ്ദേഹം വ്യക്തമാക്കി.