ആർത്തവ വേദനയ്ക്ക് ഇനി പരിഹാരം

ആർത്തവ കാലത്തെ വയറു വേദന ഏവരെയും അലട്ടുന്ന ഒന്നാണ്. അതിന് പലതരം പ്രതിവിധികൾ നമുക്ക് ചുറ്റിനുമുണ്ട്. തുളസി, പുതിന തുടങ്ങിയവ ആര്‍ത്തവ വേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്. 10 പുതിനയില, ഒരു പിടി തുളസിയിലെ എന്നിവ ഒരുമിച്ചെടുത്ത് ശുദ്ധമായ വെള്ളത്തിലിട്ട് അത് തിളപ്പിച്ച് ആറ്റി കുടിയ്ക്കുകയോ ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്ത് കഴിയ്ക്കുകയോ ചെയ്താല്‍ ആര്‍ത്തവവേദനയ്ക്ക് ആശ്വാസമാകും.

ഇഞ്ചി നല്ലൊരു നാട്ടുമരുന്നാണ്. സ്ത്രീകളിലെ ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദനയെ ഇല്ലാതാക്കാന്‍ ഇഞ്ചി നീര് വളരെ ഫലപ്രദമാണ്.

ചൂടുപാലില്‍ നെയ്യ് ചേര്‍ത്ത് കഴിയ്ക്കുന്നത് ആര്‍ത്തവ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ആര്‍ത്തവത്തിന് മുമ്പ് പപ്പായ കൂടുതലായി കഴിക്കുക. പപ്പായയില്‍ അടങ്ങിയിട്ടുള്ള പപ്പൈന്‍ എന്ന എന്‍സൈം ആര്‍ത്തവ കാലത്തെ വേദന കുറയ്ക്കാന്‍ ഫലപ്രദമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആര്‍ത്തവ കാലത്തെ അമിത രക്തമൊഴുക്ക് ശരിയായ രീതിയിലാവാന്‍ ക്യാരറ്റ് ജ്യൂസ് സഹായിക്കും. ഒരു സ്പൂണ്‍ തേനില്‍ കറ്റാര്‍ വാഴ നീര് ചേര്‍ത്ത് കഴിക്കുന്നതും ഒരു ഗ്ലാസ്സ് വെള്ളത്തില്‍ പെരുംജീരകം ഇട്ട് തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്.

ധാരാളം വെള്ളം കുടിക്കുക. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതൊക്കെ ആര്‍ത്തവവേദനയില്‍ നിന്ന് സ്ത്രീകള്‍ക്ക് മുക്തി കിട്ടാന്‍ സഹായകരമാകുമെന്നും ആയ്യുര്‍വ്വേദ ഡോക്ടര്‍മാരും പറയുന്നു.

ഉലുവ ജീരകം ലായനി

ഈ വീട്ടുവൈദ്യത്തിൽ നമുക്ക് വേണ്ടത്,
1 സ്പൂൺ വലിയ ജീരകം 1 സ്പൂൺ ഉലുവ, 2 ഗ്ലാസ്സ് വെള്ളം എന്നിവയാണ് .

അത് തിളപ്പിച്ച് 1/2 ഗ്ലാസ്സ് ആക്കി വറ്റിക്കുക.

ഇത് അരിച്ച ശേഷം ഇളം ചൂടോടെ തന്നെ കുടിക്കുക.

ഇങ്ങനെ തന്നെ കുടിക്കാൻ പറ്റുന്നില്ലെങ്കിൽ , അതിലേക്ക് കുറച്ച് ശർക്കര ചേർത്ത് കുടിക്കാവുന്നതാണ് .

ത്രിഫല ചൂർണം മിശ്രിതം

ഇനി നമുക്ക് ചെയ്യാൻ പറ്റിയ മറ്റൊരു ഒറ്റമൂലി എന്ന് പറയുന്നത്, ത്രിഫല ചൂർണം 1 സ്പൂൺ എടുക്കുക. അതിലേക്ക് കുറച്ച് ശർക്കര കൂടി ചേർത്ത് ആർത്തവം ആവുന്നതിൻ്റെ 7 ദിവസം മുമ്പേ പതിവായി രാത്രി കഴിക്കുക. ഇങ്ങനെ കഴിക്കുന്നത് ആർത്തവവേദന കുറയാൻ നല്ലതാണ്.