ന്യൂഡല്‍ഹി: ലഘുവായ തരത്തില്‍ കോവിഡ് ബാധിച്ചവര്‍ക്ക് വീടുകളില്‍ തന്നെ ചെയ്യാവുന്ന ലളിതമായ ചികിത്സാ ക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ആയുഷ് മന്ത്രാലയം പുറത്തിറക്കി. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദ, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ, പ്രകൃതിചികിത്സ, എന്നിവയിലെ വിദഗ്ധ സമിതികള്‍ ചേര്‍ന്നാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്.
കൊവിഡ് പ്രതിരോധത്തിനുള്ള സാര്‍വ്വദേശീയ മാര്‍ഗ്ഗങ്ങളായ ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ പാലിക്കുന്നതിനൊപ്പം ആയര്‍വ്വേദ മരുന്നുകളും ഉപയോഗിക്കാം. മഞ്ഞള്‍, ഉപ്പ് എന്നിവ ചേര്‍ത്ത് ചെറുചൂടുവെള്ളം കൊണ്ട് വായ് കഴുകുന്നത് കൊവിഡ് പ്രതിരോധത്തിന് നല്ലതാണ്. മഞ്ഞള്‍ പൊടിച്ചു കലക്കിയ ചെറുചൂടുള്ള പാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഫലപ്രദമാണെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. അശ്വഗന്ധ, ഗുളുചി, ഗണ വടിക, ച്യവനപ്രാശം തുടങ്ങിയവ ഉപയോഗിക്കുന്നത് നല്ലതാണ്.
കൊവിഡ് ബാധിതരും അതേ സമയം കാര്യമായ ലക്ഷണങ്ങള്‍ ഇല്ലാതവരുമായ രോഗികള്‍ക്ക് ചിറ്റമൃത്, പിപ്പലി അടങ്ങിയ ആയുഷ്-64 ഗുളിക കഴിക്കാം. ഇതിന്റെ കൃത്യമായ അളവും മരുന്ന് ഉപയോഗിക്കുമ്പോള്‍ തുടരേണ്ട കാര്യങ്ങളും മാര്‍ഗരേഖയില്‍ വിസ്തരിക്കുന്നുണ്ട്. ഇവര്‍ ത്രിഫല, ഇരട്ടി മധുരം എന്നിവ ചേര്‍ത്ത് തിളപ്പിച്ച വെള്ളം കൊണ്ട് വായ് കഴുകുന്നതും നല്ലതാണ്. മൂക്കിനു മുകളിലും താഴെയും വെളിച്ചെണ്ണയോ, എള്ളെണ്ണയോ, നെയ്യോ ദിവസം രണ്ട് നേരം പുരട്ടാം. അതോടൊപ്പം യൂക്കാലിപ്റ്റ്‌സ് തൈലം, പുതിന, അയമോദകം ഇവയിലൊന്ന് ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് ആവി കൊള്ളണം.