നാലാള്‍ കൂടുന്നിടത്ത് ഏറ്റവും മനോഹരമായി ചെല്ലുക എന്നതാണ് ഏവരുടെയും ലക്ഷ്യം. അതിനായി വസ്ത്രധാരണത്തിലും സൗന്ദര്യസംരക്ഷണത്തിലുമൊക്കെ മിക്കവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുഖവും മുടിയുമൊക്കെ മിനുക്കി പുറത്തിറങ്ങാന്‍ പലതരം സൗന്ദര്യവര്‍ധക വസ്തുക്കളും നിങ്ങള്‍ ഉപയോഗിച്ചെന്നു വരാം. മുടിയുടെ സൗന്ദര്യം കൂട്ടാനായി ഉപയോഗിക്കുന്ന ഒന്നാണ് ഹെയര്‍ജെല്‍. പതിവായി പൗഡറും പെര്‍ഫ്യൂമുമൊക്കെ ഉപയോഗിക്കുന്ന കൂട്ടത്തില്‍ കുളികഴിഞ്ഞ് ഹെയര്‍ജെല്ലും പുരട്ടുന്നവര്‍ കുറവല്ല. എന്നാല്‍ അപകടകരമായ ഒരു കാര്യം എന്തെന്നാല്‍ അമിതമായ ഹെയര്‍ജെല്ല് ഉപയോഗം നിങ്ങളുടെ മുടിക്ക് കേടുവരുത്തും എന്നതാണ്.
ഇന്ന് നമുക്കറിയാവുന്നതുപോലുള്ള ഹെയര്‍ ജെല്‍ പ്രചാരത്തിലെത്തിയത് 1960 കളില്‍ അമേരിക്കയിലാണ്. ഈ ജെല്ലുകള്‍ മുടിയുടെ സ്‌റ്റൈലിംഗിനും കൂടുതല്‍ നേരം പുതുമയോടെ നിലനിര്‍ത്തുന്നതിനും മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നവയായിരുന്നു. എന്നാല്‍ ഹെയര്‍ ജെല്ലുകള്‍ ശ്രദ്ധാപൂര്‍വ്വം ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് അറിയാമോ? ഹെയര്‍ ജെല്ലുകളില്‍ ഹാനികരമായ രാസവസ്തുക്കള്‍ ഉള്ളതിനാല്‍ മുടി, തലയോട്ടി, ചര്‍മ്മം എന്നിവയില്‍ ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. ഹെയര്‍ ജെല്ലിന്റെ അത്തരം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അറിയാം
ഹെയര്‍ ജെല്ലുകള്‍ അമിതമായി ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടിക്കും തലയോട്ടിക്കും നിര്‍ജ്ജലീകരണം സംഭവിക്കുന്നു. അതുവഴി മുടി പൊട്ടാനും മുടി കൊഴിയാനും കാരണമാകുന്നു. ജെല്ലുകളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ പുറത്തെ മലിനീകരണവും പൊടിയുമായി ചേര്‍ന്ന് നിര്‍ജ്ജീവമായ കോശങ്ങളും തലയോട്ടിയിലെ അധിക സെബവുമായി പ്രതിപ്രവര്‍ത്തിക്കുന്നു. ഇത് മുടി കൊഴിച്ചിലിനു കാരണമാവുകയും ചെയ്യുന്നു. നിരന്തരമായ മുടി കൊഴിച്ചില്‍ ഒടുവില്‍ കഷണ്ടിയിലേക്കും നിങ്ങളെ നയിച്ചേക്കാം.
നിര്‍ജ്ജലീകരവും പോഷകക്കുറവുമുള്ള തലയോട്ടി നിങ്ങളുടെ തലയില്‍ താരന് കാരണമാകുന്നു. സെബത്തിന്റെ അമിത ഉത്പാദനം, അടഞ്ഞുപോയ ചര്‍മ്മ സുഷിരങ്ങള്‍ എന്നിവയെല്ലാം താരന് കാരണമാകും. അതിനാല്‍ പതിവായി ഹെയര്‍ജെല്‍ ഉപയോഗിക്കുന്നവര്‍ താരനെ കരുതിയിരിക്കുക.
ഹെയര്‍ ജെല്ലുകളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ മുടിയില്‍ നിന്നും തലയോട്ടിയില്‍ നിന്നും ഈര്‍പ്പം നീക്കുകയും നിര്‍ജ്ജലീകരണത്തിനു കാരണമാവുകയും ചെയ്യുന്നു. അമിതമായി ഹെയര്‍ ജെല്ലുകള്‍ ഉപയോഗിക്കുന്നത് തലയോട്ടിയിലെ ഈര്‍പ്പം കുറയാന്‍ കാരണമാവുകയും വരണ്ടതും പൊട്ടുന്നതുമായ മുടിക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. സെബത്തിന്റെ ഉത്പാദനം തടഞ്ഞ് ചൊറിച്ചില്‍, താരന്‍ എന്നീ പ്രശ്‌നങ്ങള്‍ക്കും ഹെയര്‍ജെല്ലുകള്‍ കാരണമാകുന്നു.
ഹെയര്‍ ജെല്‍ ഉപയോഗിക്കുന്നതിന്റെ സാധാരണ പാര്‍ശ്വഫലങ്ങളാണ് മുടിപൊട്ടല്‍, നേര്‍ത്ത മുടി എന്നിവ. ഹെയര്‍ജെല്ല് നിങ്ങളുടെ മുടിയുടെ സ്വാഭാവികമായ കറുപ്പ് നിറം അകറ്റുകയും മുടി മങ്ങിയതാക്കി മാറ്റുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ മുടിയുടെ പോഷണവും ഈര്‍പ്പം നീക്കുകയും പി.എച്ച് നില തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
തലയിയെ അമിതമായ വരള്‍ച്ച കാലക്രമേണ നിങ്ങളുടെ മുടി പൊട്ടുന്നതിന് കാരണമാകുന്നു. അമിതമായി ഹെയര്‍ ജെല്ലുകള്‍ ഉപയോഗിക്കുന്നത് തലയോട്ടിയിലെ പോഷണം തടസ്സപ്പെടുത്തുകയും തലയോട്ടിയില്‍ നിന്ന് ഈര്‍പ്പം നീക്കുകയും മുടിയെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. ഇവയെല്ലാം ഒടുവില്‍ നിങ്ങളുടെ മുടി പൊട്ടുന്നതിലേക്കും നയിക്കുന്നു.