ടി20 ലോകകപ്പിൽ ന്യൂസിലാൻഡ് സെമിയിലേക്ക്. നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്താണ് കിവീസ് സെമി ഉറപ്പിച്ചത്. ഇതോടെ ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്തായി. അഫ്ഗാൻ മത്സരത്തിൽ വിജയിച്ചിരുന്നുവെങ്കിൽ ഇന്ത്യക്ക് അടുത്ത മത്സരത്തിൽ നമീബിയയെ പരാജയപ്പെടുത്തിയാൽ സെമിയിൽ കടക്കാമായിരുന്നു.
ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 124 റൺസാണ് അവരെടുത്തത്. 48 പന്തിൽ 73 റൺസെടുത്ത നജീബുല്ല സർദാന്റെ ബാറ്റിംഗാണ് അഫ്ഗാന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. മറ്റാരും കാര്യമായി സ്‌കോർ ചെയ്തില്ല
മറുപടി ബാറ്റിംഗിൽ കിവീസ് 18.1 ഓവറിൽ ലക്ഷ്യം മറികടന്നു. 28 റൺസെടുത്ത മാർട്ടിൻ ഗപ്റ്റിൽ 17 റൺസെടുത്ത ഡാരിൽ മിച്ചൽ എന്നിവരാണ് പുറത്തായത്. കെയ്ൻ വില്യംസൺ 40 റൺസുമായും ഡിവോൺ കോൺവേ 36 റൺസുമായും പുറത്താകാതെ നിന്നു