Headlines

‘ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു’; സന്ദീപ് വാചസ്പതിക്കെതിരെ ഒരു വിഭാഗം, ആലപ്പുഴ BJPയിൽ പൊട്ടിത്തെറി

ഇഷ്ടമില്ലാത്തവരെ സംഘടന ചുമതലകളിൽ നിന്ന് സന്ദീപ് വാചസ്പതി മാറ്റുന്നതായും ആരോപണം.
ആലപ്പുഴ: ആലപ്പുഴ ബിജെപിയിൽ പൊട്ടിത്തെറി. പാർട്ടിയുടെ ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിക്കെതിരെ ഒരു വിഭാഗം രംഗത്തെത്തി. സന്ദീപ് വാചസ്പതി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാണ് പരാതി. അദ്ദേഹത്തിന് ഇഷ്ടമില്ലാത്തവരെ സംഘടന ചുമതലകളിൽ നിന്ന് മാറ്റുന്നതായും തുടരെ മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരെ മാറ്റിയെന്നും പരാതിയുണ്ട്.ജില്ലയിലെ ഏക എസ് സി വിഭാഗം മണ്ഡലം പ്രസിഡന്റിനെയും മാറ്റിയിരുന്നുവെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി കെ എസ് വിനോദും രാജിവെച്ചിരുന്നു. സൗത്ത് ജില്ലാ സെക്രട്ടറി സ്ഥാനമടക്കം ബിജെപിയുടെ എല്ലാ ചുമതലകളിൽ നിന്നും രാജിവെക്കുന്നതായി ഫേസ്ബുക്കിലൂടെ വിനോദ് അറിയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വളരെയധികം പ്രതീക്ഷ വെക്കുന്ന ജില്ലയാണ് ആലപ്പുഴ. കായംകുളം, ചെങ്ങന്നൂർ മണ്ഡലങ്ങൾ ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്നവയാണ്.