Headlines

‘കോൺഗ്രസിന്റെ മാതൃക പിന്തുടർന്ന് കോർ കമ്മിറ്റി അംഗത്തിനെതിരെ രാജീവ് നടപടിയെടുക്കുമോ?’; ബിജെപിക്ക് സന്ദീപ് വാര്യരുടെ ചലഞ്ച്

ബിജെപിക്ക് സന്ദീപ് വാര്യരുടെ ചലഞ്ച്. പ്രതിപക്ഷനേതാവിന്റെ ‘വന്‍ വാർത്താ’ മുന്നറിയിപ്പിന് പിന്നാല എഫ് ബി പോസ്റ്റുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. കോണ്‍ഗ്രസിന്റെ മാതൃക പിന്തുടര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍ ബിജെപി കോര്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടി എടുക്കുമോയെന്ന് സന്ദീപ് ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് സന്ദീപിന്‍റെ പ്രതികരണം. കഴിഞ്ഞ ദിവസം ബിജെപിക്കെതിരെ സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു.

പാലക്കാട് വലിയ കോലാഹലം ഉണ്ടാക്കുന്നത് തന്റെ പഴയ പാര്‍ട്ടിയായ ബിജെപിയാണെന്നും ആക്ഷേപം അഴിച്ചു വിട്ട പല മാന്യന്‍മാരുടെയും മുഖം മൂടി 48 മണിക്കൂറിനുളളില്‍ അഴിഞ്ഞ് വീഴുമെന്നും സന്ദീപ് വാര്യര്‍ ഭീഷണി മുഴക്കിയിരുന്നു. പിന്നാലെയാണ് ഇന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള വെല്ലുവിളി.

രാജീവ് ചന്ദ്രശേഖർ കോൺഗ്രസിനെ പോലെ നടപടിയെടുക്കാൻ തുടങ്ങിയാൽ സംസ്ഥാന നേതൃത്വത്തിലും ജില്ലാ നേതൃത്വത്തിലും ഇരിക്കാൻ ഒരാൾ പോലുമുണ്ടാകില്ല. 48 മണിക്കൂറിനുള്ളിൽ ആക്ഷേപം ഉന്നയിച്ച മാന്യന്മാരുടെ മുഖം മൂടികൾ അഴിഞ്ഞു വീഴും. കയ്യൂക്കിന്റെ ഭാഷയിൽ സംസാരിച്ചാൽ അതേ ഭാഷയിൽ തിരിച്ചും സംസാരിക്കുമെന്നും സന്ദീപ് വാര്യർ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കോൺഗ്രസിനെ സിപിഐഎമ്മും ബിജെപിയും ധാർമികത ഉപദേശിക്കണ്ട. സമാനമായ കേസിൽ മറ്റൊരു യുവജന സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിക്കാണ് യുവമോർച്ചയിൽ അടുത്തിടെ ഭാരവാഹിത്വം കൊടുത്തത്. സി കൃഷ്ണകുമാറിനോട് തേങ്ങ ഉടയ്ക്ക് സ്വാമി എന്നേ പറയാനുള്ളൂ. കാര്യങ്ങൾ എല്ലാം പുറത്തുവരും. കൃഷ്ണകുമാറും സഹപ്രവവർത്തകരും വലിയ പരിഭ്രാന്തിയിലാണ്. സജി ചെറിയാൻ സ്വന്തം പാർട്ടിയിലെ ഇതിലും ഗുരുതരമായ വിഷയങ്ങൾ വന്നപ്പോൾ സ്വീകരിച്ച നിലപാടുകൾ പരിശോധിക്കട്ടെയെന്നും സന്ദീപ് വാര്യർ പറഞ്ഞു.