Headlines

‘പി.കെ. ശശിക്ക് യുഡിഎഫിലേക്ക് വരാം, ഇനിയും സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല’; സന്ദീപ് വാര്യർ

പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സന്ദീപ് വാര്യർ.നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം. തീരുമാനമെടുക്കേണ്ടത് മുതിർന്ന നേതാക്കളാണ്. പി.കെ. ശശി മണ്ണാർക്കാട് സിപിഐഎം കെട്ടിപ്പടുത്ത നേതാവാണ്. അദ്ദേഹത്തെയാണ് ഇപ്പോൾ തള്ളിപ്പറയുന്നതെന്ന് സന്ദീപ് വാര്യർ ട്വന്റിഫോറിനോട് പറഞ്ഞു. ഒരുകാലത്ത് ശശിക്കെതിരെ പറയാൻ തന്നെ ഒരു വിഭാഗം സിപിഐഎം നേതാക്കൾ നിർബന്ധിച്ചിരുന്നു. ടാർജറ്റ് ചെയ്യുകയാണെന്ന് തോന്നിയപ്പോൾ താൻ പിന്മാറിയെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

പാലക്കാട്ടെ സിപിഐഎം നേതൃത്വവുമായി ഇടഞ്ഞ പി കെ ശശിയോട് മൃദുനിലപാടുമായി യുഡിഎഫ് നേതാക്കൾ രംഗത്തുവന്നിരുന്നു. പി കെ ശശിയെ സ്വാഗതം ചെയ്തും ന്യായീകരിച്ചും നേതാക്കൾ രംഗത്തെത്തുകയായിരുന്നു.

അതിനിടെ പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഐഎം സംസ്ഥാന നേതൃത്വം. ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്ന് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം പി. കെ ശശിയെ ചൊല്ലിയുള്ള തർക്കം മണ്ണാർക്കാട്ടിൽ രൂക്ഷമായി തുടരുകയാണ്. ഇന്നലെ കൊലവിളി മുദ്രാവാക്യവും ഭീഷണി പ്രസംഗവുമായി പ്രവർത്തകർ പ്രതിഷേധത്തിന് ഇറങ്ങിയത് വലിയ ചർച്ചയാവുന്നുണ്ട്. എസ്എഫ്ഐ മുൻസ്ഥാന സെക്രട്ടറി പിഎം ആർഷോ നടത്തിയ പ്രസംഗം അതിര് കടന്നെന്നാണ് വിലയിരുത്തൽ. സിപിഐഎം പ്രതിഷേധത്തിലും പ്രതികരണങ്ങളിലും അമർഷമുണ്ടെങ്കിലും പരസ്യപ്രതികരണത്തിലേക്കില്ലെന്ന് പി.കെ ശശി തീരുമാനിച്ചിട്ടുണ്ട്. നേതൃത്വം പറയട്ടെ എന്നാണ് ശശിയുടെ നിലപാട്.