Headlines

‘പ്രതിപക്ഷം സഭയിൽ കോപ്രായങ്ങൾ കാണിക്കുന്നു, കോടതിയിൽ നിന്ന് അടിയേറ്റപ്പോൾ ഇവിടെവന്ന് ബഹളം വെച്ച് കാര്യം നേടാം എന്നായി’; രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

നിയമസഭയ്ക്കുള്ളിലെ സംഘർഷം പ്രതിപക്ഷം ബോധപൂർവ്വം സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ നിന്ന് അടിയേറ്റപ്പോൾ ഇവിടെവന്ന് ബഹളം വെച്ച് കാര്യം നേടാം എന്നായി പ്രതിപക്ഷത്തിന്. നിയമമന്ത്രി ഹൈക്കോടതി വിധിയെ പറ്റി കൃത്യമായി പറഞ്ഞു അത് പ്രതിപക്ഷനേതാവ് കേട്ട ഭാവം നടിച്ചില്ല. സ്വർണ്ണക്കൊള്ള കൈകാര്യം ചെയ്യുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.നിർദേശങ്ങൾ നൽകുന്നതും അന്വേഷണം വിലയിരുത്തുന്നതും ഹൈക്കോടതിയാണ്. കോടതിയുടെ പരാമർശം പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ അടിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രകോപനപരമായ അന്തരീക്ഷവും സഭയിൽ ഉണ്ടായിരുന്നില്ല. ബാനറിൽ ഉപയോഗിച്ചിരിക്കുന്ന വടികൊണ്ട് വാച്ച് ആൻഡ് വാർഡിനെ തല്ലാൻ ശ്രമിച്ചപ്പോഴാണ് അവർ അത് പിടിച്ചു വാങ്ങിയത്.

സ്പീക്കറുടെ ഡയസിലേക്ക് നേരെ ചാടിക്കയറുകയായിരുന്നു. നിയമസഭയിൽ കാണിക്കാൻ പാടില്ലാത്ത കോപ്രായങ്ങളാണ് പ്രതിപക്ഷം കാട്ടിയത്. അക്രമത്തെ പൂർണ്ണമായും പ്രതിപക്ഷ നേതാവ് ന്യായീകരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. അതിക്രമത്തെ സഭ അപലപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, പ്രതിപക്ഷത്തിന്റെ പ്രവർത്തികളിൽ സ്പീക്കർ എ എൻ ഷംസീർ ക്ഷുഭിതനായി. ജനാധിപത്യ അവകാശം തനിക്കുമുണ്ട് മുഖം മറച്ച് ബാനർ പിടിച്ചത് ശെരിയാണോ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും സ്പീക്കർ പ്രതികരിച്ചു.