ഡല്‍ഹി: ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് വിദേശത്ത് നിന്നും ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി വർധിപ്പിച്ചത് പ്രവാസികള്‍ക്കുള്‍പ്പെടെ വലിയ ആശ്വാസമാകുന്നു. പുതിയ നിയമങ്ങൾ (Baggage Rules, 2026) കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. ഇന്ത്യൻ നിവാസികൾ, ഇന്ത്യൻ വംശജരായ ടൂറിസ്റ്റുകൾ , അല്ലെങ്കിൽ ടൂറിസ്റ്റ് വിസയില്‍ അല്ലാത്ത വിദേശികൾ എന്നിവർക്ക് 75,000 രൂപ വരെ വിലയുള്ള സാധനങ്ങൾ ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാം എന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. മുമ്പ് ഇത് 50000 രൂപ മാത്രമായിരുന്നു.
കൊണ്ടുവരുന്ന സാധനങ്ങൾ ആളുകളുടെ കൈയിലോ ബാഗേജിലോ ആയിരിക്കണം. മാത്രവുമല്ല ഇത് പൂർണ്ണമായും വ്യക്തിഗത ഉപയോഗത്തിനുള്ളതായിരിക്കണം. വില്‍പ്പന നടത്താന്‍ പാടില്ല. അതേസമയം, പുതിയ നിയമത്തില്‍ സ്വർണ്ണാഭരണങ്ങൾക്ക് പ്രത്യേക ഇളവുണ്ട് എന്നതാണ് ശ്രദ്ധേയം. വിദേശത്ത് ഒരു വർഷത്തിലധികം താമസിച്ച് മടങ്ങിവരുന്ന ഇന്ത്യൻ നിവാസികളോ ഇന്ത്യൻ വംശജരോ ആണെങ്കിൽ, സ്ത്രീകൾക്ക് 40 ഗ്രാം വരെയും പുരുഷന്മാർക്ക് 20 ഗ്രാം വരെയും സ്വർണ്ണാഭരണങ്ങൾ ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാം.പുതിയ നിയമപ്രകാരം ഭാരം മാത്രമാണ് പരിധി, വിലയ്ക്ക് നിയന്ത്രണമില്ല. നേരത്തെ 50000 രൂപ എന്നതായിരുന്നു പരിധി. പക്ഷെ കൊണ്ടുവരുന്ന സ്വർണം പൂർണ്ണമായും വ്യക്തിഗത ഉപയോഗത്തിനുള്ളതായിരിക്കണം. ആഭരണങ്ങള്‍ക്ക് മാത്രമാണ് ഈ പരിധി. സ്വർണ്ണ ബാറുകളോ മറ്റ് രൂപത്തിലുള്ള സ്വർണങ്ങള്ക്കോ ഈ ഇളവ് ലഭിക്കില്ല.
വിദേശ ടൂറിസ്റ്റുകൾക്ക് 25000 രൂപ വരെയുള്ള സാധനങ്ങൾ ഡ്യൂട്ടി ഫ്രീ. കൂടാതെ 18 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് ഒരു പുതിയ ലാപ്ടോപ്പ് അല്ലെങ്കിൽ നോട്ട്പാഡ് ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാം. അതേസമയം, ഡിജിറ്റൽ സെൽഫ് ഡിക്ലറേഷൻ പോർട്ടൽ ഏർപ്പെടുത്താനുള്ള നീക്കവും പ്രവാസികള്‍ക്ക് ഗുണകരമായി മാറിയേക്കും. വിമാനത്താവളങ്ങളിലെ പരിശോധനകളും ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ ഡിജിറ്റൽ സെൽഫ് ഡിക്ലറേഷൻ പോർട്ടൽ വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഡിജിറ്റൽ സെൽഫ് ഡിക്ലറേഷൻ പോർട്ടൽ സംവിധാനം വഴി യാത്രക്കാർക്ക് തങ്ങളുടെ ബാഗേജ് (സാധനങ്ങൾ), ഡ്യൂട്ടി അടയ്ക്കേണ്ട വസ്തുക്കൾ, കറൻസി എന്നിവ ഓൺലൈനിൽ മുൻകൂട്ടി ഡിക്ലെയർ ചെയ്യാം. ഇതോടെ വിമാനത്താവളത്തിൽ എത്തുമ്പോൾ പേപ്പർ ഫോമുകൾ ഫില്‍ ചെയ്യേണ്ട ആവശ്യം കുറയുകയും സമയം ലാഭിക്കാന്‍ ക്യൂ കുറയ്ക്കാനും സാധിക്കും. ഇതിനൊപ്പം തന്നെ ‘Atithi@Indian Customs’ മൊബൈൽ ആപ്പ് വഴിയും മുൻകൂട്ടി ഡിക്ലറേഷൻ നടത്താം. ഡിജിറ്റൽ സംവിധാനം വർഷാവസാനത്തോടെ പൂർണമായി നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.







