പത്മയില്‍ തട്ടി തകര്‍ന്ന നായര്‍-ഈഴവ ഐക്യം; വെള്ളാപ്പള്ളിയുടെ കെണിയില്‍ വീഴാതെ സുകുമാരന്‍ നായര്‍ രക്ഷപ്പെട്ടതോ ?

ഒരു വലിയ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് എന്‍ എസ് എസ് ജന.സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വെള്ളാപ്പള്ളി മുന്നോട്ടുവച്ച ഐക്യകാഹളത്തിന് പെട്ടെന്ന് അന്ത്യമായതിന്റെ പൊരുള്‍ തേടുകയാണ് ഇപ്പോള്‍ ഇരുനേതാക്കളും. വെള്ളാപ്പള്ളിക്ക് ഇപ്പോഴും ഐക്യനീക്കം പാളിയതിന്റെ ക്ഷീണം മാറിയിട്ടില്ല.നായര്‍ മുതല്‍ നസ്രാണി വരെയെന്ന പുതിയ മുദ്രാവാക്യം നടപ്പാക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയായിരുന്നു നായര്‍ -ഈഴവ സഖ്യത്തിനുള്ള വെള്ളാപ്പള്ളിയുടെ നീക്കം. കോണ്‍ഗ്രസിനെതിരെയുള്ള നീക്കമായാണ് സംസ്ഥാന രാഷ്ട്രീയം ഈ നീക്കത്തെ നോക്കിക്കണ്ടത്. ലീഗിനെയും കോണ്‍ഗ്രസിനെയും അതിശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് ഇരുസമുദായ നേതാക്കളും രംഗത്തെത്തിയത്. വ്യക്തമായ രാഷ്ട്രീയ നീക്കമായാണ് വെള്ളാപ്പള്ളി മുന്നോട്ടുവച്ച നായര്‍ – ഈഴവ ഐക്യത്തെ കേരള രാഷ്ട്രീയം വിലയിരുത്തിയിരുന്നത്.

ഐക്യ സന്ദേശവുമായി മുന്നോട്ടു പോകവെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പത്മ പുരസ്‌കാരം ഐക്യത്തെ തകര്‍ത്തുവെന്നാണ് സുകുമാരന്‍ നായരുടെ വെളിപ്പെടുത്തല്‍. വെള്ളാപ്പള്ളി ഐക്യത്തിന്റെ പേരില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച രാഷ്ട്രീയ അജണ്ട വൈകിയാണെങ്കിലും സുകുമാരന്‍ നായര്‍ തിരിച്ചറിഞ്ഞുവെന്നാണ് എന്‍ എസ് എസ് നേതൃത്വവും വ്യക്തമാക്കുന്നത്. ഇതോടെ ഐക്യം പാളി. ഐക്യനീക്കത്തില്‍ നിന്നും പിന്‍വാങ്ങാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ഇടപെടലുണ്ടായെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ആരോപണം.എന്നാല്‍ ഈ ആരോപണം ശരിയല്ലെന്ന് വ്യക്തമാക്കുകയാണ് സുകുമാരന്‍ നായര്‍. എന്‍ എസ് എസിനെ വെള്ളാപ്പള്ളി നടേശന്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്ന നിഗമനത്തിലാണിപ്പോള്‍ എന്‍ എസ് എസ്.

എന്‍ എസ് എസ് – എസ് എന്‍ ഡി പി ഐക്യം കാലഘട്ടത്തിന് അനിവാര്യമെന്നായിരുന്നു ഇരു സമുദായ നേതാക്കളുടെയും വാദം. സമദൂരമെന്ന എന്‍ എസ് എസ് നിലപാടില്‍ മാറ്റം വരുത്തിയതും, പ്രതിപക്ഷനേതാവായ വി ഡി സതീശനെതിരെ എന്‍ എസ് എസ് ജന. സെക്രട്ടറി പരസ്യമായി രംഗത്തുവന്നതും കേരള രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചയായി. സ്വാതന്ത്ര്യാനന്തരം പലപ്പോഴായി നടപ്പാക്കാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്ത ഈഴവ- നായര്‍ ഐക്യം വീണ്ടും പൊടിതട്ടിയെടുത്ത വെള്ളപ്പള്ളിയുടെ നീക്കം എന്തിനാണെന്ന് സുകുമാരന്‍ നായര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നൊരു സ്വയം വിമര്‍ശനമാണിപ്പോഴത്തെ പ്രസ്താവന. ഐക്യത്തെ സ്വാഗതം ചെയ്ത് സുകുമാരന്‍ നായര്‍ രംഗത്തെത്തിയതോടെ ഐക്യം ഏറെക്കുറെ യാഥാര്‍ഥ്യമാവുന്നുവെന്ന സൂചനകളായിരുന്നു ഇരുവരില്‍ നിന്നും ലഭിച്ചിരുന്നത്.എന്നാല്‍ ഐക്യം ഉടനെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഐക്യനീക്കം പൊലിയുകയായിരുന്നു. പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നായര്‍-ഈവഴ ഐക്യത്തിനായി ഇരു നേതാക്കളും ശ്രമങ്ങള്‍ ആരംഭിച്ചത്. ഐക്യം യാഥാര്‍ത്ഥ്യമായാല്‍ കേരളരാഷ്ട്രീയത്തില്‍ സമ്മര്‍ദ്ദശക്തിയായി മാറാനുള്ള ശ്രമത്തിലായിരുന്നു എസ് എന്‍ ഡി പി ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ് എന്‍ ഡി പി യോഗം സഖ്യനീക്കം പ്രഖ്യാപിച്ചതിന് പിന്നാലെ ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പളളിയെ പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തേക്ക് അയക്കുമെന്ന് എസ് എന്‍ ഡി പി ജന.സെക്രട്ടറി പ്രസ്താവനയിറക്കിയിരുന്നു. താന്‍ തുഷാറിനെ സ്വന്തം മകനെപ്പോലെ സ്വീകരിക്കുമെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. ബി ഡി ജെ എസ് നേതാവും എന്‍ ഡി എ ചെയര്‍മാനുമാണ് തുഷാര്‍ വെള്ളാപ്പള്ളിയെന്ന് സുകുമാരന്‍ നായര്‍ അറിയാത്തതാണോ, മറന്നതാണോ എന്ന് വ്യക്തമല്ല. പിന്നീട് താന്‍ തന്നെയാണ് ചര്‍ച്ചകള്‍ക്ക് വിരാമമിട്ടതെന്നാണ് സുകുമാരന്‍ നായര്‍ വ്യക്തമാക്കുന്നത്.

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ ഭിന്നതകള്‍ മാറ്റിയെടുക്കുന്നതിനായി ദേവസ്വം വകുപ്പ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമമാണ് സമുദായ സംഘടനകളെ ഒരുമിച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു രാഷ്ട്രീയ കേരളം വിലയിരുത്തിയത്.

ആഗോള അയ്യപ്പ സംഗമത്തെ ബി ജെ പിയും കോണ്‍ഗ്രസും തള്ളിപ്പറഞ്ഞപ്പോള്‍ സര്‍ക്കാരിന് ഒപ്പം നിന്നത് സുകുമാരന്‍ നായരും വെള്ളാപ്പള്ളിയുമായിരുന്നു. പുതിയൊരു രാഷ്ട്രീയകാലാവസ്ഥ തെളിയുന്നുവെന്ന സന്ദേശമായിരുന്നു ഇത്. ഇതോടെയാണ് വെള്ളാപ്പള്ളി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തുന്നത്. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നും ഏറ്റവും കരുത്തനായ നേതാവ് പിണറായി ആണെന്നും വെള്ളാപ്പള്ളി പ്രസ്താവന നടത്തി. പ്രതിപക്ഷനേതാവായ വി ഡി സതീശനെതിരെ ഒരേസ്വരത്തില്‍ സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയതും വിവാദമായി. ഇരുവരും വി ഡി സതീശനെതിരെ നിലപാട് കടുപ്പിച്ചതോടെ വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും ഐക്യത്തിന്റെ പാത അന്വേഷിച്ച് രംഗത്തുവന്നു. ഒരു ഫോണ്‍ കോളിന്റെ പേരില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. എന്‍ എസ് എസിന്റെ സമദൂരമൊക്കെ വാക്കുകളിലായി. ഈ ഘട്ടത്തിലാണ് ഡയക്ടര്‍ ബോര്‍ഡിന്റെ ഇടപെടല്‍ എന്നതും ശ്രദ്ധേയമാണ്.ഐക്യനീക്കത്തില്‍ നിന്നും പിന്‍മാറാന്‍ ആരും ഇടപെട്ടില്ലെന്നും, ഞാന്‍ നേരത്തെ ശ്രമിച്ചിരുന്നുവെങ്കില്‍ പത്മഭൂഷണ്‍ ഒക്കെ നേരത്തെ തന്നെ ലഭിക്കുമായിരുന്നുവെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്.
എന്തായാലും ഏറെ വൈകാതെ വെള്ളാപ്പള്ളി ഈ വിഷയത്തില്‍ ശക്തമായി പ്രതികരിക്കാനുള്ള സാധ്യതയാണുള്ളത്. പത്മപുരസ്‌കാരത്തിന്റെ നിറവില്‍ നില്‍ക്കുന്ന വെള്ളാപ്പള്ളി കടുത്ത ഭാഷകളൊന്നും പ്രയോഗിക്കില്ലെന്ന ആശ്വാസത്തിലാണ് എന്‍ എസ് എസ്.