അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരിഹസിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക് ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ നടത്തിയ പരാമർശം വൈറലാകുന്നു. ”ബോർഡ് ഓഫ് പീസ് രൂപീകരിച്ചതിനെപ്പറ്റി കേൾക്കുന്നു. സമാധാനം എന്നർത്ഥമുള്ള പീസല്ല, കഷണം എന്നർത്ഥമുള്ള പീസാണ് അതെന്ന് തോന്നുന്നു” എന്നായിരുന്നു പരിഹാസം. ഗ്രീൻലൻഡിന്റെ ഒരു കഷണം, വെനസ്വേലയുടെ ഒരു കഷണം, നമുക്ക് എല്ലാത്തിന്റെയും ഒരു കഷണം കിട്ടണം.”. സദസ്സിൽ കൂട്ടച്ചിരി ഉയർത്തി മസ്കിന്റെ ഈ വാക്കുകൾ.
അതേസമയം ‘ട്രംപ് ബോർഡ് ഓഫ് പീസ്’ ഇനി ഔദ്യോഗിക അന്താരാഷ്ട്ര സംഘടന. ദാവോസിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചാർട്ടർ അവതരിപ്പിച്ചു. അംഗത്വമെടുത്തവർ ഒരു ബില്യൺ ഡോളർ ധനസഹായം നൽകണമെന്ന് ട്രംപ് പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനക്ക് ബദലായാണ് ട്രംപിന്റെ പുതിയ നീക്കമെന്നതാണ് ഉയരുന്ന ആശങ്ക.
പാകിസ്താൻ ,അസർബൈജാൻ, യുഎഇ, ഹംഗറി ഇസ്രായേൽ തുടങ്ങി ഇരുപതിലധികം രാജ്യങ്ങൾ സമിതിയിൽ അംഗങ്ങളായി. സ്ഥിരം അംഗങ്ങളാകുന്നവർ ഒരു ബില്യൺ യുഎസ് ഡോളർ സംഭാവന നൽകണമെന്ന് ട്രംപ് അഭ്യർത്ഥിച്ചു. ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ ഉൾപ്പെടെയുള്ള നേതാക്കൾ വിട്ടുനിന്നു. നിലവിൽ സമിതിയിൽ അംഗമാകില്ലെന്ന് ബ്രിട്ടൻ അറിയിച്ചു. സമിതിയിൽ അംഗമാകുന്നതിൽ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗസയിൽ വെടിനിർത്തൽ നടപ്പിലാക്കുക, ദുരിതാശ്വാസ പ്രവർത്തനങ്ങൾ സുഗമമാക്കുക, ഗസയുടെ പുനർനിർമാണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയവയാണ് കരാർ ലക്ഷ്യമിടുന്നതെന്ന് തുടക്കത്തിൽ പ്രഖ്യാപിച്ചെങ്കിലും പിന്നീട് ആഗോള സംഘർഷം പരിഹരിക്കുകയാണ് സമിതിയുടെ ലക്ഷ്യമെന്ന് ട്രംപ് അറിയിക്കുകയായിരുന്നു.
ചാർട്ടറിൽ ഒരിടത്തും ഗസ പരാമർശമില്ല എന്നതും എതിർപ്പിനിടയാക്കി. പലസ്തീൻ ജനതയെ സഹായിക്കാൻ ഒരു ബില്യൺ ഡോളർ നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. ബോർഡ് ഓഫ് പീസിൽ അംഗമാകുന്നതിന് ഇന്ത്യയെയും ട്രംപ് ക്ഷണിച്ചിരുന്നു. എന്നാൽ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല . ഐക്യരാഷ്ട്രസംഘടനക്ക് ബദലായാണ് ട്രംപിന്റെ പുതിയ നീക്കമെന്നതാണ് ഉയരുന്ന ആശങ്ക. ആണവ രാഷ്ട്രങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആരംഭിച്ച യുദ്ധംഅവസാനിപ്പിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന പതിവ് പല്ലവി ട്രംപ് ദാവോസിലും ആവർത്തിച്ചു.






