‘സ്വർണം തിരിച്ച് അയ്യപ്പന് കൊടുക്കും’; പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളി വി.എൻ വാസവൻ

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളി മന്ത്രി വിഎൻ വാസവൻ. തന്റെ രാജി പ്രതിപക്ഷം മുൻപേ ആവശ്യപ്പെടുന്നതാണ്. കള്ളന്മാരെ എല്ലാം ജയിലിലിടും. സ്വർണം തിരിച്ച് അയ്യപ്പന് കൊടുക്കുമെന്നും വി.എൻ വാസവൻ പറഞ്ഞു. ശബരിമല അന്വേഷണം നല്ല രീതിയിൽ നടക്കുന്നുണ്ട്. പഴയ ഇടപെടൽ അന്വേഷിക്കണമെന്ന് നമ്മൾ പറഞ്ഞു. അതുകൂടി അന്വേഷണ പരിധിയിൻ വരുമെന്ന സാഹചര്യത്തിലെ വിഷമമാണ് പ്രതിപക്ഷത്തിനെന്നും അദ്ദേഹം പ്രതികരിച്ചു.അതേസമയം നിയമസഭയെ പ്രക്ഷുബ്ധമാക്കി ശബരിമല സ്വർണക്കൊള്ളയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. സ്വർണക്കൊളള ആവർത്തിക്കാൻ ശ്രമിച്ചതിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ സന്ദർശിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഭരണപക്ഷത്തിന്റെ പ്രതിരോധം. സഭ തടസപ്പെടുത്താനാണ് പ്രതിപക്ഷത്തിന് ഉത്സാഹമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബഹളത്തിനൊടുവിൽ പിരിഞ്ഞ സഭ ഇനി ചൊവ്വാഴ്ചയെ സമ്മേളിക്കുകയുള്ളൂ.

അതിനിടെ ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉന്നതരെ കേന്ദ്രീകരിച്ച് എസ്.ഐ.റ്റി അന്വേഷണം.ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫോണുകളുടെ സി.ഡി.ആർ പരിശോധനയിലാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.പണമിടപാടുകളുടെയും യാത്രകളുടെയും വിവരങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റി ഫോണിൽ സൂക്ഷിച്ചിരുന്നു.2017 ലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്‌ന വിധി പ്രകാരമെന്നു സ്ഥിരീകരിക്കുന്ന ദേവപ്രശ്ന ചാർത്ത് 24 നു ലഭിച്ചു.2014 ൽ യുഡിഎഫ് നിയോഗിച്ച എം.പി ഗോവിന്ദൻ നായരുടെ ബോർഡ് ആയിരുന്നു കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് നിർദ്ദേശിച്ചത്.