Headlines

‘സജി ചെറിയാൻ ശ്രദ്ധിക്കാതെ ഓരോന്ന് പറയുന്നത് ഒഴിവാക്കണം’; വർഗീയ പരാമർശത്തിൽ CPIMന് അതൃപ്തി

മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശത്തിൽ സിപിഐഎമ്മിന്‌ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. പ്രതിപക്ഷത്തിനെതിരായ സമുദായ നേതൃത്വങ്ങളുടെ വിമർശനത്തെ വഴിതിരിച്ചുവിടാൻ സജി ചെറിയാന്റെ പരാമർശം ഇടയാക്കി എന്നാണ് വിലയിരുത്തൽ. പ്രതികരണം നൽകാതെ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഒഴിഞ്ഞു മാറിയതും അതൃപ്തിയെ തുടർന്നെന്ന് സൂചന.സജി ചെറിയാന്റെ പരാമർശം ദോഷകരം എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സജി ചെറിയാൻ ശ്രദ്ധിക്കാതെ ഓരോന്ന് പറയുന്നത് ഒഴിവാക്കണമെന്ന് നേതൃത്വം നിർദേശം നൽകി. കാസർഗോട്ടേയും മലപ്പുറത്തെയും ജനപ്രതിനിധികളുടെ പേര് പരിശോധിച്ചാൽ വർഗീയ ധ്രുവീകരണം മനസ്സിലാക്കാമെന്നായിരുന്നു പരാമർശം. സമുദായത്തിന് ഭൂരിപക്ഷം ഉള്ളവർ മാത്രം ജയിക്കും. ഉത്തർപ്രദേശും മധ്യപ്രദേശും പോലെ കേരളത്തെ ആക്കാനാണോ ശ്രമമെന്നും മന്ത്രി ചോദിച്ചു.അതേസമയം സജി ചെറിയാനെ ന്യായീകരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി രംഗത്തെത്തിയിരുന്നു. വടക്കേ ഇന്ത്യയിലെ പോലെ കേരളത്തെയും വർഗീയവത്ക്കരിക്കാൻ ശ്രമം നടക്കുന്നു എന്നാണ് സജി ചെറിയാൻ പറഞ്ഞതെന്ന് എംഎ ബേബി പറഞ്ഞു. വിവാദ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാനെതിരെ പരാതിയുമായി കോൺഗ്രസ് വക്താവ് വി ആർ അനൂപ് രംഗത്തെത്തി. ചെങ്ങന്നൂർ പൊലീസിൽ മന്ത്രിക്കെതിരെ പരാതി നൽകി.