ക്യൂ വേണ്ട, പേപ്പര്‍ ടിക്കറ്റ് വേണ്ട, കൃത്യ സമയത്തിന് കൃത്യം ഫീ; അബുദാബിയില്‍ എഐ ഉപോഗിച്ചുള്ള സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം നിലവില്‍ വന്നു

അബുദാബിയില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം നിലവില്‍ വന്നു. പതിനഞ്ച് ഇടങ്ങളിലാണ് നിലവില്‍ എഐ പാര്‍ക്കിംഗ് ഒരുക്കിയിരിക്കുന്നത്. അബുദാബിയിലെ പ്രധാന വ്യാവസായിക മേഖലയായ മുസഫയില്‍ ഇനി മുതല്‍ പൊതുപാര്‍ക്കിങ്ങിന് പണമടയ്ക്കണം. (Abu Dhabi Launches AI-Driven Smart Parking System).
പാര്‍ക്കോണിക് – മവാഖിഫ് എന്ന എഐ പാര്‍ക്കിങ് സംവിധാനമാണിത് അബുദാബിയില്‍ പ്രാവര്‍ത്തികമാകുന്നത്. വാഹനങ്ങള്‍ പാര്‍ക്കിങ്ങില്‍ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും നമ്പര്‍ ഓട്ടോമാറ്റിക്ക് ആയി രേഖപ്പെടുത്തും. കൃത്യമായ സമയം കണക്കാക്കി സാലിക്ക് അല്ലെങ്കില്‍ മവാഫിക് ബാലന്‍സില്‍ നിന്ന് പാക്കിങ് ഫീ ഈടാക്കുന്നത് ആണ് പുതിയ രീതി. പേപ്പര്‍ ടിക്കറ്റ് എടുക്കുകയോ നീണ്ട ക്യുവില്‍ നില്‍ക്കുകയാ വേണ്ട എന്നതാണ് പ്രത്യേകത. ഷെയ്ഖ് സായദ് ഫെസ്റ്റിവല്‍, മെഡിക്കല്‍ സിറ്റി, ഡാല്‍മ മാള്‍, യാസ് മാള്‍, റീം പാര്‍ക്ക് തുടങ്ങി 15 ഇടങ്ങളില്‍ ആണ് എ ഐ പാര്‍ക്കിംഗ് ഒരുക്കിയിരിക്കുന്നത്.ഈ സംവിധാനം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വിപുലീകരിക്കുന്നതോടെ ഷോപ്പിംഗ് മാളുകള്‍, ആശുപത്രികള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പാര്‍ക്കിങ് സുഗമമാകും.അബുദാബിയിലെ പ്രധാന വ്യാവസായിക മേഖലയായ മുസഫയില്‍ ഇനി മുതല്‍ പൊതു പാര്‍ക്കിങ്ങിന് പണമടയ്ക്കണം. ഈ മാസം 12 മുതല്‍ പെയ്ഡ് പാര്‍ക്കിങ് പ്രാബല്യത്തില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.