തിരഞ്ഞെടുപ്പുകളിൽ ടേം വ്യവസ്ഥ പാലിക്കാത്ത നേതാക്കൾക്കെതിരെ മുസ്‍ലിം ലീഗ് പ്രവർത്തക സിമിതിയിൽ രൂക്ഷ വിമർശനം. സീറ്റ് വേണമെന്ന് നിർബന്ധം പിടിക്കുന്നവരെ ക്ലീൻ ബൗൾഡ് ആക്കണം. ടേം വ്യവസ്ഥ പാലിക്കുന്നതിൽ സിപിഐയെ മാതൃകയാക്കണമെന്നും ലീഗ് യോഗത്തിൽ ആവശ്യം.കോഴിക്കോട് ചേർന്ന മുസ്ലീം ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് സീറ്റും സ്ഥാനവും വിട്ട് നൽകാൻ മടിയുളളവർക്കെതിരെ വിമർശനമുയർന്നത്. താൻ തന്നെ തുടരുമെന്ന അഹങ്കാരം ആരും കൊണ്ടുനടക്കാൻ പാടില്ലെന്നും ഇത്തരക്കാരെ പാർട്ടി ക്ലീൻ ബൗൾഡ് ആക്കണമെന്നും മലപ്പുറത്ത് നിന്നുളള മുതിർന്ന നേതാവ് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം മാതൃകയാക്കി പരമാവധി പുതുമുഖങ്ങളെ കൊണ്ടുവരാൻ ശ്രമിക്കണം. കുഞ്ഞാലിക്കുട്ടി ഒഴികെ മുഴുവൻ പേരും മാറട്ടെയെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.രണ്ടും മൂന്നും ടേം പൂർത്തിയായവർ പുതുതലമുറക്ക് വഴി മാറി കൊടുക്കുന്നതാണ് നല്ലത്. കിട്ടുന്ന എല്ലാ സീറ്റിലും മുസ്ലീം ലീഗ് മത്സരിക്കുകയല്ല വേണ്ടത്. വിജയസാധ്യതയുളള സീറ്റിൽ മത്സരിക്കണം. കോൺഗ്രസിന് വിജയസാധ്യതയുളള സീറ്റുണ്ടെങ്കിൽ അത് ലീഗിന് വിട്ട് നൽകണം. ലീഗിന് സാധ്യതയുളള സീറ്റ് കോൺഗ്രസിൽ നിന്ന് ഏറ്റെടുക്കണം. മുന്നണി വിപുലീകരിച്ചാൽ ഇനിയും ലീഗിന് സീറ്റ് കുറയുമെന്നും യോഗം ആശങ്ക പ്രകടിപ്പിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് സജീവമായി ഇറങ്ങാനുളള മുന്നൊരുക്കം കൂടിയാണ് ഇന്ന് കോഴിക്കോട് നടന്നത്.
‘സീറ്റ് വേണമെന്ന് നിർബന്ധം പിടിക്കുന്നവരെ ക്ലീൻ ബൗൾഡ് ആക്കണം’; മുസ്‍ലിം ലീഗ് പ്രവർത്തക സിമിതിയിൽ രൂക്ഷ വിമർശനം








