വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അനേകം തട്ടിപ്പ് കേസുകളിൽ പ്രതിയായ ഒരാൾക്ക് പുരസ്‌കാരം നൽകുന്നത് നിയമവിരുദ്ധമാണെന്ന് എസ്എൻഡിപി സംരക്ഷണ സമിതി പ്രതികരിച്ചു.വെള്ളാപ്പള്ളി 21 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും സംരക്ഷണ സമിതി അറിയിച്ചു. പത്മവിഭൂഷൻ ജേതാവ് വി. എസ്. അച്ചുതാനന്ദൻ നൽകിയ പരാതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെയും പ്രതിയാണ് വെള്ളാപ്പള്ളി.
പണം നൽകിയാണോ പുരസ്‌കാരം ലഭിച്ചതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണമെന്ന് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പത്മഭൂഷൺ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകുമെന്നും, തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും സംരക്ഷണ സമിതി അറിയിച്ചു.
അതിനിടെ തനിക്ക് പത്മഭൂഷൻ കിട്ടിയത് സംഘടനയെ മുന്നോട്ട് നയിച്ചതിലെ മികവ് കൊണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയുടെ ലക്ഷ്യം നായർ ഈഴവ ഐക്യമല്ല. നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യമാണ് ലക്ഷ്യം. ഐക്യത്തിൽ രാഷ്ട്രീയമില്ലെന്നും മുസ്ലീം ലീഗിനൊഴികെ ആർക്കും അതിനൊപ്പം ചേരാമെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
എസ്എൻഡിപി തുറന്ന പുസ്തകമാണെന്നും ആർക്കും വിമർശിക്കാമെന്നും അദേഹം പറഞ്ഞു. ഹിന്ദുക്കളുടെ ഐക്യം കാലഘട്ടത്തിന് അനിവാര്യമായിരുന്നു. സുകുമാരൻ നായർ സഹകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സഹകരിക്കുമെന്ന് ആദ്യം പ്രതികരിച്ചിരുന്നുവെന്ന് വെള്ളപ്പള്ളി നടേശൻ പറഞ്ഞു. തനിക്കെതിരെയുള്ള വിമർനങ്ങൾക്കെതിരെ ചുട്ടമറുപടി നൽകി, തന്നെ കരുത്തനായി നിർത്തിയതാണ് സുകുമാരൻ നായർ എന്ന് അദേഹം പറഞ്ഞു. ഐക്യത്തിന് വളരെ പിൻബലം നൽകിയിരുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.









