‘റെയിൽവേ ടിക്കറ്റ് നിരക്ക് വർധന അസംബന്ധം’; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

റെയിൽവേ ടിക്കറ്റ് നിരക്ക് വർധനയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ബജറ്റിന് ആഴ്ചകൾക്ക് മുമ്പ് നിരക്ക് വർധിപ്പിച്ചത് അസംബന്ധമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര കുറ്റപ്പെടുത്തി. അനൗദ്യോഗികമായ രീതിയിലാണ് വിവരങ്ങൾ അറിയിച്ചത്. മാധ്യമപ്രവർത്തകർക്ക് നൽകിയത് കുറിപ്പ് മാത്രമാണ്. മോദി സർക്കാർ എത്രത്തോളം തരം താഴ്ന്നുവെന്ന് വ്യക്തമെന്നും പവൻ ഖേര പറഞ്ഞു.

പ്രതിവർഷ വരുമാനം 600 കോടി രൂപയാക്കി ഉയർത്താൻ ലക്ഷ്യമിട്ടാണ് ടിക്കറ്റ് വർധന നടപ്പിലാക്കുന്നുവെന്നാണ് കേന്ദ്ര റെയിൽ മന്ത്രാലയത്തിന്റെ വിശദീകരണം. പുതുക്കിയ നിരക്കുകൾ പ്രകാരം, നോൺ-എസി കോച്ചുകളിൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന യാത്രക്കാർ 10 രൂപ അധികമായി നൽകേണ്ടിവരും. 215 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്കാണ് വർധന. ഓർഡിനറി ക്ലാസുകളിലെ യാത്രാ നിരക്ക് 1 പൈസ ആയി വർധിപ്പിച്ചു. എ.സി ക്ലാസുകളിലെ ടിക്കറ്റ് വർധന 2 പൈസ. 215 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് നിരക്ക് വർദ്ധനവുണ്ടാകില്ല.

ഈമാസം 26 മുതൽ റെയിൽവേ നിരക്ക് വർധന പ്രാബല്യത്തിൽ വരും സബർബൻ ട്രെയിൻ യാത്രയ്ക്കുള്ള നിരക്ക് വർദ്ധിപ്പിച്ചിട്ടില്ലെങ്കിലും ദീർഘദൂര യാത്രകൾക്ക് കൂടുതൽ ചിലവ് വരും. വർഷങ്ങളായി ഇൻപുട്ട് ചിലവ് വർദ്ധിച്ചിട്ടും 2018 മുതൽ ചരക്ക് നിരക്കുകൾ പരിഷ്കരിച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു.