കിഴക്കമ്പലത്ത് കോണ്‍ഗ്രസും സിപിഐഎമ്മും ഒത്തുകളിച്ചു, പിന്നില്‍ പി വി ശ്രീനിജന്‍ എംഎല്‍എ; ആരോപണവുമായി സാബു എം ജേക്കബ്

കിഴക്കമ്പലത്ത് വോട്ടെടുപ്പ് ദിനത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പി വി ശ്രീനിജിന്‍ എംഎല്‍എക്കെതിരെ ആരോപണവുമായി സാബു എം ജേക്കബ്. കോണ്‍ഗ്രസും സിപിഐഎമ്മും ഒത്തുകളിച്ചെന്നും, ഇരുവരെയും നിയന്ത്രിക്കുന്നത് പി വി ശ്രീനിജിന്‍ ആണെന്ന് സാബു എം ജേക്കബ് ആരോപിച്ചു. ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് സാബു എം ജേക്കബ് കുറ്റപ്പെടുത്തി. ട്വന്റി20 ബിജെപിയുടെ നഴ്‌സറി സ്‌കൂള്‍ ആണെന്ന് പി വി ശ്രീനിജിന്‍ തിരിച്ചടിച്ചു

വോട്ടെടുപ്പ് ദിനം വൈകീട്ടുണ്ടായ സംഘര്‍ഷത്തില്‍ പി വി ശ്രീനിജിന്‍ എംഎല്‍എയ്‌ക്കെതിരെയാണ് ട്വന്റി20 രംഗത്തെത്തിയത്. എല്‍ഡിഎഫും യുഡിഎഫും സംയുക്തമായി മത്സരിച്ചു. ട്വന്റി20യെ ഇല്ലാതാക്കയിരുന്നു ഇരു മുന്നണികളുടെയും ലക്ഷ്യം. ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നും. ക്യാമറ കൈകാര്യം ചെയ്യേണ്ടവര്‍ക്കുള്ള പാസുകള്‍ മുക്കിയതായി ആരോപിച്ചു. കണ്ണൂര്‍ മോഡലില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആയിരുന്നു ശ്രമമെന്ന് സാബു എം ജേക്കബ് പറഞ്ഞു.

കുന്നത്തുനാട് പ്രശ്‌നബാധിത ബൂത്താണെന്ന് വരുത്തിതീര്‍ക്കാന്‍ ആണ് സാബു ജേക്കബിന്റെ ശ്രമമെന്ന് പി വി ശ്രീനിജിന്‍ എംഎല്‍എ അതേസമയം വനിത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഉള്‍പ്പെടെ അസഭ്യവര്‍ഷം നടത്തിയതിലും കയ്യേറ്റം ചെയ്തതിലും മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സിപിഐഎം പ്രാദേശിക നേതാവ് ബിജു ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് കുന്നത്തുനാട് പോലീസ് കേസ് എടുത്തത്.