ട്വന്റി ട്വന്റി പ്രവർത്തകനായ ദീപു മരിച്ച സംഭവത്തിൽ കിറ്റക്‌സ് എംഡി സാബു എം ജേക്കബ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻ. വാസ്തവവിരുദ്ധമായ ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നത്. കേസിലേക്ക് തന്നെ വലിച്ചിഴക്കാൻ ശ്രമം നടക്കുകയാണ്.
പാടുകളില്ലാതെ അതിവിദഗ്ധമായി മർദിച്ചെന്നാണ് സാബു പറയുന്നത്. അതിൽ നിന്ന് തന്നെ ദീപുവിന് മർദനമേറ്റിട്ടില്ലെന്ന് വ്യക്തമല്ലേയെന്നും ശ്രീനിജൻ ചൂണ്ടിക്കാട്ടി. സാബുവിന്റെ ആരോപണങ്ങൾ പോലീസ് അന്വേഷിക്കട്ടെ. എന്റെ ഫോൺ പരിശോധിക്കണമെന്നാണ് സാബു പറയുന്നത്. തന്റെ ഫോണും കോൾ ലിസ്റ്റും പോലീസ് പരിശോധിക്കട്ടെ. അതിൽ ഭയപ്പെടുന്നില്ല
ജനാധിപത്യ നിലയിൽ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎയെ ഒന്നാം പ്രതിയാക്കണമെന്നാണ് സാബുവിന്റെ ആവശ്യം. അത് ബാലിശമാണ്, പത്ത് മാസമായി ഭരണം നടക്കുന്നില്ലെന്നാണ് സാബു പറയുന്നത്. സാബുവും കിറ്റക്‌സും ചെയ്യുന്ന അഴിമതി ജനമധ്യത്തിൽ കൊണ്ടുവരുന്നതാണ് ഞാൻ ചെയ്യുന്ന തെറ്റെന്നും ശ്രീനിജൻ പ്രതികരിച്ചു.