തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന 16 ക്ഷേമനിധി ബോർഡുകളുടെ എണ്ണം 11 ആയി കുറയ്ക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരളാ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡുമായും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരളാ ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡുമായും സംയോജിപ്പിക്കും.
കേരളാ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡും കേരള ഈറ്റ-കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോർഡും കേരളാ ലേബർ വെൽഫെയർ ക്ഷേമനിധി ബോർഡുമായി ചേർക്കും. കേരളാ ബീഡി ആൻഡ് സിഗാർ തൊഴിലാളി ക്ഷേമനിധി ബോർഡ് കേരളാ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡുമായി ചേർക്കും
ഉയർന്ന ഭരണച്ചെലവ് കാരണം മിക്ക ക്ഷേമനിധി ബോർഡുകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. ബോർഡുകളിൽ അംഗങ്ങളായ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തി കൊണ്ട് എണ്ണം കുറയ്‌ക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.