Headlines

ദിലീപിനെ വെറുതെ വിട്ടു, നടിയെ ആക്രമിച്ച കേസില്‍ ഇനി എന്ത് ? ഉയരുന്നത് നിരവധി ചോദ്യങ്ങള്‍

രാജ്യം ഏറെ ആകാംഷയോടെയാണ് നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയ്ക്കായി കാതോര്‍ത്തിരുന്നത്. എട്ടുവര്‍ഷമായി മലയാളികളുടെ മുന്നിലുള്ള ഒരു പ്രധാന കേസാണ് നടിയെ ആക്രമിച്ച കേസ്. കേരളം പോലുള്ള സംസ്ഥാനത്ത് നടന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായൊരു കേസായിരുന്നു ഇത്. ക്വട്ടേഷന്‍ പ്രകാരം ഒരു സിനിമാ താരത്തെ ഓടുന്ന വണ്ടിയില്‍വച്ച് ആക്രമിക്കുകയും ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറവെച്ച് ചിത്രീകരിച്ചുവെന്നുമായിരുന്നു കേസ്.

മലയാള സിനിമയില്‍ ഒട്ടേറെ പ്രതിസന്ധികള്‍ക്ക് വഴിയൊരുക്കിയ കേസ്. മലയാളി സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ആശങ്കയുളവാക്കിയ കേസ് എന്നീ നിലകളില്‍ രാജ്യത്താകമാനം ചര്‍ച്ച ചെയ്യപ്പെട്ട കേസ്. കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയര്‍ന്നു. നിരവധി വര്‍ഷത്തെ നിയമപോരാട്ടം. നടന്‍ ദിലീപിനെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തതോടെ വലിയ വിവാദങ്ങള്‍ക്ക് ഇത് വഴിവെച്ചു. ഒട്ടെറെ സാക്ഷികള്‍ കൂറുമാറി. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് അതിജീവിത സുപ്രിംകോടതിവരെ കയറിയിറങ്ങിയ കേസ്. വിചാരണ അന്യായമായി നീണ്ടുപോയ കേസ്. ഒട്ടേറെ കാരണങ്ങളാല്‍ ഏറെ ശ്രദ്ധേയമായ കേസില്‍ ഒടുവില്‍ വിധി വന്നിരിക്കുന്നു.

മഞ്ജുവാര്യരുടെ വെളിപ്പെടുത്തലോടെയാണ് തനിക്കെതിരെ പൊലീസ് തിരിഞ്ഞതെന്നും, തന്റെ കരിയര്‍ നശിപ്പിക്കാനായി ഉന്നത തലത്തില്‍ ഗൂഢാലോചന നടന്നുവെന്നുമാണ് വിധി പ്രഖ്യാപനത്തിന് ശേഷം ദിലീപ് പ്രതികരിച്ചത്. ദിലീപ് കേസില്‍ നിന്നും ഒഴിവാക്കപ്പെടുമെന്ന് നേരത്തെത്തനെ പ്രചാരണം ശക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയില്‍ വന്ന തെളിവുകളൊന്നും ശിക്ഷിക്കാനുള്ളതായിരുന്നില്ല. കോടതിയില്‍ വിശ്വാസമില്ലെന്നു പറഞ്ഞ അതിജീവിതയായ നടിക്ക് നീതി ലഭിച്ചുവോ എന്ന ചോദ്യത്തിന് ഉത്തരം ഇല്ലെന്നു തന്നെയാണ്.

നടിയെ ആക്രമിച്ച കേസിൽ വ്യക്തമായ തെളിവുകളുണ്ടെന്നും പ്രതി സമൂഹത്തില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കാണിച്ച് ഹൈക്കോടതി എട്ടാം പ്രതിയായിരുന്ന ദിലീപിന് ജാമ്യം നിഷേധിച്ചതും തെളിവുകള്‍ ശക്തമാണെന്ന കോടതി നിരീക്ഷണവും വിചാരണക്കോടതിയില്‍ എന്തു സംഭവിച്ചുവെന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്. നാലു തവണയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നത്. പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങള്‍ക്കെല്ലാം ഹൈക്കോടതിയില്‍ വ്യക്തയുണ്ടായിരുന്നു. ക്രിമിനല്‍ ഗൂഢാലോചന വ്യക്തമാണെന്ന ഹൈക്കോടതി നിരീക്ഷണം കേസിസെ പ്രത്യേക കോടതിയുടെ വിധിയുടെ സാഹചര്യത്തില്‍ പരിശോധിക്കപ്പെടേണ്ടതാണ്.

ഗൂഢാലോചന തെളിയിക്കാന്‍ പറ്റിയില്ലെന്നാണ് പ്രോസിക്യൂഷനെതിരെ കോടതി പറഞ്ഞിരിക്കുന്നത്. കേവലം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഒരു കേസ് മുന്നോട്ടുപോവുമോ ? അതും കേരളത്തില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തിക്കെതിരെ.
കേസുമായി ബന്ധപ്പെട്ട് തന്നെ മനപൂര്‍വം കുരുക്കുകയായിരുന്നുവെന്നും, വന്‍ ഗൂഢാലോചന നടന്നെന്നുമാണ് ദിലീപിന്റെ വാദം.
ദിലീപിനെതിരെ ആരാണ് ഗൂഢാലോചന നടത്തിയത് ? നടിയെ ആക്രമിക്കാൻ പള്‍സര്‍ സുനിക്ക് ആരാണ് ക്വട്ടേഷന്‍ നല്‍കിയത് . ദിലീപിനെതിരെ ഒരു തെളിവും ഇല്ലായിരുന്നുവെങ്കില്‍ പിന്നെ എന്തിനാണ് 84 ദിവസം റിമാന്റ് പ്രതിയായി ജയിലിലടച്ചത്.

ഇത്രയേറെ താരമൂല്യമുണ്ടായിരുന്ന ദിലീപിനെ പൂട്ടാന്‍ ആരോനടത്തിയ ഗൂഢാലോചന എന്നു പറയുമ്പോള്‍ ആരാണ് ആ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് തെളിയിക്കാനുള്ള ബാധ്യത അന്വേഷണ സംഘത്തിനുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും, മാധ്യമങ്ങളും ചേര്‍ന്ന് കഥകള്‍ മെനഞ്ഞുവെന്നാണ് ദീലീപിന്റെ ആരോപണം. കഴിഞ്ഞ ഏഴരവര്‍ഷമായി തുടരുന്ന വിചാരണയും തുടര്‍ അന്വേഷണങ്ങളും നടന്നു. കേസില്‍ ദിലീപിന് പങ്കാളിത്തമൊന്നും ഇല്ലെങ്കില്‍ എന്തുകൊണ്ടായിരിക്കാം മാധ്യമങ്ങള്‍ക്കെതിരെ ദിലീപ് സ്വകാര്യ അന്യായം ഫയല്‍ ചെയ്യാതിരുന്നത് എന്നാണ് ഉയരുന്ന ചോദ്യം.

പൊലീസ് കെട്ടിച്ചമച്ച കേസാണെന്നും തന്നെ പ്രതിയാക്കിയത് പൊലീസ് ഗൂഢാലോചനയുടെ ഭാഗമാണെന്നും പറഞ്ഞ ദിലീപ്, എന്തുകൊണ്ടാണ് കേസിലെ ഒന്നാം പ്രതിയായിരുന്ന പള്‍സുനിയെ നല്ല പരിചയമുണ്ടായിട്ടും അറിയില്ലാ എന്നുപറഞ്ഞത് എന്തിനെന്ന് കോടതി പരിശോധിച്ചില്ല. പ്രോസിക്യൂഷന്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ വിധിന്യായത്തില്‍ വ്യക്തമാക്കിയത്. കേസിസില്‍ ദിലീപിനെ കുടുക്കിയതാണെങ്കില്‍ ദിലീപ് പൊലീസിനെതിരെ കേസ് കൊടുക്കണം. അഡ്വ. രാമന്‍ പിള്ള എന്നെ രക്ഷിച്ചുവെന്നും, ജീവിതാവസാനംവരെ രാമന്‍ പിള്ളയോടുള്ള നന്ദി മനസില്‍ സൂക്ഷിക്കുമെന്നുമാണ് ദിലീപ് പറഞ്ഞത്. കേസില്‍ അപ്പീല്‍ പോവും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്.

കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിനെ അറിയില്ലെന്നായിരുന്നു ദിലീപിന്റെ ആദ്യമൊഴി. എന്നാല്‍ പള്‍സര്‍ സുനി ദിലീപിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നില്‍ക്കുന്ന രംഗങ്ങള്‍ പിന്നീട് പൊലീസ് പുറത്തുവിട്ടു. വ്യാജ വാട്‌സാപ്പ് ഉണ്ടാക്കി ദിലീപിനെ കുടുക്കണമെന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് കേസിന്റെ ഗതിമാറ്റാന്‍ ശ്രമിച്ചതടക്കം നിരവധി ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടായിട്ടും കോടതി അതൊന്നും പരിഗണിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ദിലീപിന്റെ വീട്ടില്‍ വെച്ച് പീഡന ദൃശ്യങ്ങള്‍ കണ്ടതായുള്ള സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയും കോടതി പരിഗണിച്ചില്ല. അതിന് കാരണം കോടതിയുടെ കസ്റ്റിഡിയിലായിരുന്ന പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ്ടാഗ് മാറിയത് എങ്ങിനെ എന്നതില്‍ കോടതി വ്യക്തത വരുത്തിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ എന്റെ കരിയര്‍ ഇമേജ്, എന്റെ ജീവിതം എന്നിവ തകര്‍ക്കാനാണ് ഗൂഢാലോചന നടന്നതെന്നാണ് വെറുതെ വിട്ടുള്ള കോടതിയുടെ പ്രഖ്യാപനം വന്നതിന് ശേഷം നടന്‍ ദിലീപ് ആരോപിച്ചത്. മാധ്യമങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമായെങ്കില്‍ അതും കണ്ടെത്തണം.

അതിജീവിതയും മജ്ഞുവാര്യരും മുന്‍ ഐ പി എസ് ഓഫീസര്‍ ബി സന്ധ്യയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണ് നടിയെ ആക്രമിച്ച കേസെന്നാണ് പ്രതിയായിരുന്ന ദിലീപിന്റെ ആരോപണം. എന്നാൽ കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച ക്രൂരമായ പീഡനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമാവാത്തിടത്തോളം കാലം കേസ് അവസാനിക്കില്ല. ഇവിടെ നീതിയും നടപ്പാവില്ല. അതിജീവിതയുടെ മുന്നില്‍ ഇനിയും വലിയൊരു നിയമ പോരാട്ടം ബാക്കി നില്‍ക്കുന്നുവെന്നുവേണം കരുതാന്‍.