Headlines

നടിയെ ആക്രമിച്ച കേസ്: 6 പ്രതികളെയും വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു, ശിക്ഷാവിധി വെളളിയാഴ്ച

തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിൽ കോടതി ശിക്ഷിച്ച പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകി നടിയെ ബലാൽസംഗം ചെയ്യിപ്പിച്ചെന്ന കേസിൽ ദിലീപ് കുറ്റവിമുക്തൻ എന്നാണ് കോടതി വിധി. നടിയെ വാഹനത്തിൽ ബലാൽസംഗം ചെയ്തതായി തെളിഞ്ഞ പൾസർ സുനി അടക്കം ഒന്ന് മുതൽ ആറുവരെ പ്രതികൾ കുറ്റക്കാർ ആണെന്ന് കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ ഈ മാസം12ന് വിധിക്കും. ദിലീപ് അടക്കം നാലു പ്രതികളെ വെറുതെവിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസ് ആണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ വിധി പറഞ്ഞത്. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിൽ നടൻ ദിലീപിന് പങ്കുണ്ടെന്ന വാദം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് , അഞ്ചാം പ്രതി സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവർ ആണ് കുറ്റക്കാരെന്ന് തെളിഞ്ഞത്. കൂട്ട ബലാൽസംഗം അടക്കം ഇവർക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങൾ എല്ലാം തെളിഞ്ഞു. ഇവരുടെ ജാമ്യം റദ്ദാക്കി. പ്രതികളെ ഒളിവില്‍ താമസിപ്പിച്ചു എന്ന കുറ്റം ചുമത്തപ്പെട്ട ഏഴാം പ്രതി ചാര്‍ലി തോമസ്. പ്രതികളെ ജയിലില്‍ സഹായിച്ചു എന്ന കുറ്റം ചുമത്തപ്പെട്ട ഒൻപതാം പ്രതി സനില്‍ കുമാര്‍, തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തപ്പെട്ട പത്താം പ്രതി ശരത് ജി.നായര്‍ എന്നിവർ ആണ് ദിലീപിന് ഒപ്പം കുറ്റവിമുക്തരാക്കപ്പെട്ടവർ.

വിധി അറിഞ്ഞു പുറത്തിറങ്ങിയ ദിലീപ് ആദ്യം കാണാൻ പോയത് തന്‍റെ അഭിഭാഷകനായ ബി.രാമൻപിള്ളയെയായിരുന്നു. കാലിന് പരിക്കേറ്റ് എളമക്കരയിലെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു രാമൻപിള്ള. ഇത്തരത്തിൽ ഒരു തെളിവുമില്ലാത്ത കേസ് താൻ തന്‍റെ പ്രൊഫഷണൽ ജീവിതത്തിൽ കണ്ടിട്ടില്ല എന്നാണ് ബി രാമൻപിള്ള പറഞ്ഞത്. തികഞ്ഞ കള്ളക്കേസ് പ്രോസിക്യൂഷൻ കെട്ടിച്ചമച്ചെന്നും രാമൻ പിള്ള ആരോപിച്ചു. കേസ് വിധി വന്ന ശേഷം മുൻഭാര്യ മഞ്ജുവാര്യരുടെ പേരെടുത്ത് പറഞ്ഞാണ് ദിലീപ് കേസ് വെറും കള്ളക്കഥയാണെന്ന് പറഞ്ഞത്. മഞ്ജു ഈ കേസിൽ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞ ദിവസമാണ് തന്നെ പ്രതിയാക്കാൻ ഇതിൽ ഗൂഢാലോചന തുടങ്ങിയത് എന്നാണ് ദിലീപ് ആരോപിച്ചത്.