Headlines

ദിലീപിന് നാളെ നിർണായകം; ഉറ്റുനോക്കി മലയാള സിനിമാ ലോകം

സമാനതകളില്ലാത്തൊരു സംഭവമായിരുന്നു അത്. 2017 ഫെബ്രുവരി 17 ന് വൈകുന്നേരം ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍വച്ച് തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നായിക നടി മാനഭംഗത്തിന് ഇരയായെന്ന വാര്‍ത്ത മലയാളികള്‍ ഏറെ ഞെട്ടലോടെ കേട്ട ദിവസമായിരുന്നു അത്.

തൃശ്ശൂരില്‍ നിന്നും ഒരു സിനിമയുടെ ഡബ്ബിംഗിനായി കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു നടി. ദേശീയ പാതയില്‍ അത്താണിയില്‍വച്ച് താരത്തിന്റെ കാറിന് പിന്നില്‍ മറ്റൊരു വാഹനം വന്നിടിക്കുന്നു. കാര്‍ ഡ്രൈവര്‍ വണ്ടി സൈഡാക്കുന്നു. അപ്രതീക്ഷിതമെന്നോണം മറ്റൊരു മിനിവാന്‍ അവിടെ വന്നു നില്‍ക്കുന്നു. മണികണ്ഠന്‍ എന്നയാള്‍ കാറിനടുത്തേക്ക് വരികയും കാറില്‍ നിന്നും സിനിമയിലെ സാങ്കേതിക മേഖലയിലും മറ്റുമായി പ്രവര്‍ത്തിക്കുന്നവരായിരുന്നു ആ വാനില്‍.

നടിയുടെ കാറില്‍ മറ്റൊരു വാഹനം കൊണ്ട് ഇടിപ്പിച്ചതും, മറ്റൊരു വാനില്‍ കയറ്റിവിട്ടതും, ദേഹോപദ്രവം ഏല്‍പ്പിച്ചതുമെല്ലാം ആരുടേയോ നിര്‍ദേശ പ്രകാരമാണെന്ന് പിന്നീട് നടിക്ക് ബോധ്യമാവുന്നു. കാക്കനാട് പടങ്ങളിലൊന്നില്‍ നടിയെ ഇറക്കിവിട്ട സംഘം അതിസാഹസികമായി രക്ഷപ്പെടുന്നു.

ജീവിതത്തില്‍ അപ്രതീക്ഷിതമായി ഏറ്റുവാങ്ങേണ്ടിവന്ന മാനഹാനിയും ലൈംഗിക പീഡനവും ആ താരത്തെ മാനസികമായി ഏറെ തകര്‍ത്തിരുന്നു. സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ എത്തിയ താരം താന്‍ അനുഭവിക്കേണ്ടിവന്ന കൊടും ക്രൂരതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവിടേക്ക് ഒരു ജനപ്രതിനിധി എത്തുന്നു. സ്ഥലം എം.എല്‍.എയായിരുന്ന പി.ടി. തോമസ് ആയിരുന്നു അത്.

അപകടത്തില്‍ പെട്ട കാറില്‍ യാത്ര തുടരാന്‍ പറ്റില്ലെന്ന് ഡ്രൈവര്‍ മാര്‍ട്ടിന്‍ പറയുന്നു. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്ന നടിയോട് വാനില്‍ കയറാന്‍ ഡ്രൈവര്‍ നിര്‍ദേശിക്കുന്നു. ആ വാഹനത്തില്‍ മുഖപരിചയമുള്ളവരാണ്. നടുറോഡില്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്ന അതിജീവിതയായ നടി രണ്ടാമതൊന്നും ആലോചിക്കാതെ വാനില്‍ കയറുന്നു. ഈ വണ്ടിയില്‍ വച്ച് പിന്നീട് നടന്നത് കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനമായിരുന്നു. കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ ഒരാള്‍ നടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഈ ദൃശ്യങ്ങള്‍ മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നു.

ആ ജനപ്രതിനിധി നീതിമാനും മനുഷ്യസ്‌നേഹിയുമായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം പോലീസിനെ വിവരം അറിയിക്കുന്നു. പോലീസ് വളരെ പെട്ടെന്നുതന്നെ സ്ഥലത്തെത്തുകയും താരത്തില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്യുന്നു. കേസില്‍ പ്രതികള്‍ ആരൊക്കെയെന്ന് സൂചനകള്‍ ലഭിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ നാലുഭാഗത്തും വലവിരിച്ചു. കേസില്‍ നേരില്‍ പങ്കാളികളായവര്‍ ഓരോരുത്തരുമായി പിടിയിലായി. ഇതില്‍ കൃത്യം നടത്തിയ സുനില്‍കുമാറും പോലീസ് പിടിയിലായതോടെ പ്രതികള്‍ അവസാനിച്ചുവെന്നാണ് ജനം കരുതിയത്. എന്നാല്‍ കാര്യങ്ങള്‍ പിന്നെയും സങ്കീര്‍ണമായി കിടക്കുകയായിരുന്നു.

പള്‍സര്‍ സുനി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സുനില്‍കുമാര്‍ നേരത്തെ പ്രമുഖരായ നടി-നടന്മാരുടെയും മറ്റും ഡ്രൈവറായിരുന്നുവെന്നും, പെരുമ്പാവൂര്‍ സ്വദേശിയായ സുനില്‍ നേരത്തെയും ചില കുറ്റകൃത്യങ്ങളില്‍ പ്രതിയായ ആളാണെന്നും, അതിനാല്‍ പീഡനം ഒരു ക്വട്ടേഷന്‍ പ്രകാരമാണെന്നും സിനിമാ ലോകത്ത് ചര്‍ച്ചകള്‍ സജീവമായി. എന്നാല്‍ പള്‍സര്‍ സുനി ഇക്കാര്യമെല്ലാം നിഷേധിച്ചു.

സംഭവത്തില്‍ പ്രതിഷേധിക്കാനായി അമ്മ സംഘടനയുടെ നേതൃത്വത്തില്‍ ഡി.എച്ച്. ഗ്രൗണ്ടില്‍ നടന്ന പ്രതിഷേധയോഗത്തില്‍ നടിയും ദിലീപിന്റെ മുന്‍ഭാര്യയുമായ മഞ്ജു വാര്യര്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

ജയിലില്‍ നിന്നും പള്‍സര്‍ സുനി വിളിച്ച ഫോണ്‍കോളുകളും, പിന്നീട് ഒരു നടന്റെ പേരില്‍ അയച്ച കത്തും അന്വേഷണ സംഘത്തിന് പിടിവള്ളിയായി. ഇതാണ് നടന്‍ ദിലീപിലേക്കുള്ള അന്വേഷണം എത്താന്‍ കാരണമായത്. അപ്പോഴും നടന്‍ ദിലീപ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്യപ്പെടുമെന്ന് തരാമെന്ന പണം ആവശ്യപ്പെട്ടതായും, നടിയുടെ ആളുകള്‍ തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും ചില കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.

തന്നെ അന്യായമായി കേസില്‍ കുരുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും, നടി ആക്രമണക്കേസില്‍ ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നും കാണിച്ച് നടന്‍ ദിലീപ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസുമേധാവിക്കും പരാതി നല്‍കി. ഇതില്‍ മൊഴി രേഖപ്പെടുത്താനായി പോലീസ് ദിലീപിനെ വിളിച്ചുവരുത്തിയെങ്കിലും മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.

ജൂലൈ 10 മലയാളി സിനിമാ പ്രേമികളെ ഞെട്ടിച്ചുകൊണ്ട് നടന്‍ ദിലീപിനെ പോലീസ് അറസ്റ്റുചെയ്തെന്ന വാര്‍ത്ത പുറത്തുവന്നു. 85 ദിവസത്തെ ജയില്‍വാസം. ജാമ്യത്തിനായുള്ള വാദങ്ങളും പ്രതിവാദങ്ങളും. ഒക്ടോബര്‍ മൂന്നിന് ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങി.

2018 മാര്‍ച്ച് 8 ന് കേസിന്റെ വിചാരണ ആരംഭിച്ചു.
261 സാക്ഷികളാണ് കേസില്‍ വിസ്തരിക്കപ്പെട്ടത്. സാക്ഷികളില്‍ നിരവധിപേര്‍ കൂറുമാറി.
2019ല്‍ സുപ്രീംകോടതി കേസില്‍ ഇടപെട്ടു. ആറുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് വിചാരണക്കോടതിയോട് ആവശ്യപ്പെട്ടു.

നിരവധി നിയമ പോരാട്ടങ്ങളാണ് അതിജീവിത പിന്നെയും കോടതികളില്‍ നടത്തിയത്.
കേസ് ഏറെക്കുറെ ദുര്‍ബലമായെന്ന തരത്തിലുള്ള പ്രചരണം പരക്കെ ഉണ്ടായി. കോടതിയുടെ പക്കല്‍ ഉണ്ടായിരുന്ന ദൃശ്യങ്ങളുടെ ഹാഷ് വാല്യുമൊന്നും മാറിയതുള്‍പ്പെടെ നിരവധി വിവാദങ്ങളും ഉണ്ടായി.
2021 ഡിസംബര്‍ 25 ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലാണ് നടി പീഡന കേസ് വീണ്ടും സജീവ ചര്‍ച്ചകളിലേക്ക് വന്നത്.

2022 ജനുവരി 4 ന് കേസില്‍ തുടരന്വേഷണത്തിന് ഉത്തരവായി.
കേസില്‍ വര്‍ഷങ്ങളായി റിമാന്‍ഡിലായിരുന്ന പള്‍സര്‍ സുനി 2024 സെപ്റ്റംബര്‍ 17 ന് ജാമ്യത്തില്‍ പുറത്തിറങ്ങി.
2025 ഏപ്രിലില്‍ വാദം പൂര്‍ത്തിയായ കേസില്‍ വിധി പറയാന്‍ പിന്നെയും വൈകി. ഒടുവില്‍ ഡിസംബര്‍ 8 ന് വിധി പറയുമെന്ന് പ്രഖ്യാപനം വന്നു. നീണ്ട എട്ട് വര്‍ഷത്തെ അതിജീവിതയുടെ പോരാട്ടമാണ് കേരളം കണ്ടത്.

സിനിമാ സംഘടനകളില്‍ പിന്നീടുണ്ടായ പടല്പിണക്കവും, പോരാട്ടവും, സ്ത്രീകളായ സിനിമാ പ്രവര്‍ത്തകര്‍ കുറെ പേര്‍ അമ്മ സംഘടനയ്ക്ക് വിടപറഞ്ഞതും, ഹേമാ കമ്മിറ്റി രൂപീകരിച്ചതും എല്ലാം ഈ സംഭവവുമായി ബന്ധപ്പെട്ടതായിരുന്നു.

വിധി അതിജീവിതയ്ക്ക് എതിരാവുമോ, അതോ ദിലീപിന് എതിരാവുമോ എന്നാണ് സിനിമാ ലോകവും മലയാളികളും ഉറ്റുനോക്കുന്നത്.