പാലക്കാട് അട്ടപ്പാടിയില്‍ കടുവ സെന്‍സസിനിടെ കാട്ടാന അക്രമത്തില്‍ മരിച്ച കാളി മുത്തുവിന്റെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ആന്തരിക രക്തസ്രാവമാണ് മരണകാരണം. കാട്ടാന ആക്രമത്തില്‍ നട്ടെല്ലും വാരിയെല്ലും തകര്‍ന്നു. കാളിമുത്തുവിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു രണ്ട് ദിവസത്തിനകം നല്‍കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.
ഇന്നലെയാണ് പുതൂര്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ആയിരുന്ന കാളിമുത്തു കാട്ടാന ആക്രമത്തില്‍ മരിച്ചത്. മുള്ളി വനത്തിലെ ബ്ലോക്ക് 12ല്‍ വെച്ച് ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അക്രമം. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടെങ്കിലും കാളിമുത്തു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അക്രമത്തില്‍ മാരക പരുക്ക് പറ്റിയതായാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞശേഷം നെഞ്ചില്‍ ചവിട്ടി. നട്ടെല്ലും വാരിയെല്ലും തകര്‍ന്നു.
അഗളി നെല്ലിപ്പതി ഉന്നതിയിലെ താമസക്കാരന്‍ ആയിരുന്നു കാലിമുത്തു. കാളിമുത്തുവിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡു രണ്ട് ദിവസത്തിനകം നല്‍കുമെന്ന് വനം വകുപ്പ് അറിയിച്ചു. അഞ്ച് ലക്ഷം രൂപയാണ് ആദ്യഘട്ടത്തില്‍ നല്‍കുക. അതോടൊപ്പം മകന്‍ അനില്‍കുമാറിന് വനം വകുപ്പില്‍ ജോലി നല്‍കാനുള്ള നടപടി വേഗത്തില്‍ ആകുമെന്നും വനംവകുപ്പ് അറിയിച്ചു.






