കൊല്ലം കൊട്ടിയം മൈലക്കാട് ദേശീയപാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആലപ്പുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ടൈറ്റാനിയം ജംഗഷനിൽ നിന്ന് ഭരണിക്കാവ്-കുണ്ടറ- കൊട്ടാരക്കര വഴി തിരുവനന്തപുരത്തേക്ക് പോകണം. ചിന്നക്കട ഭാഗത്ത് നിന്ന് വരുന്ന വാഹങ്ങൾ-കൊട്ടാരക്കര വഴിയും കൊട്ടിയത്ത് നിന്ന് വരുന്ന വാഹനങ്ങൾ കണ്ണനെല്ലൂർ, ആയൂർ വഴി തിരുവനന്തപുരത്തേക്ക് പോകണം. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് വരുന്ന വാഹനങ്ങൾക്ക് ഡിവിയേഷൻ ഇല്ല.
ഇന്ന് വൈകുന്നേരമാണ് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്നത്. സംരക്ഷണ ഭിത്തി സർവ്വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സ്കൂൾബസ് അടക്കം നാല് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. 500 മീറ്റർ ദൂരത്തിലാണ് ദേശീയപാത ഇടിഞ്ഞു വീണിരിക്കുന്നത്. റോഡ് ഉയരത്തിൽ നിർമിക്കുന്നതിന്റെ ഭാഗമായി മണ്ണിട്ട് പൊക്കിയ ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്.
സർവീസ് റോഡിൽ കുടുങ്ങിയ വാഹനങ്ങൾ മാറ്റാൻ ക്രെയിൻ എത്തിച്ചിട്ടുണ്ട്. വീണ്ടും ഇടിയാൻ സാധ്യതയുള്ളതിനാൽ സംഭവ സ്ഥലത്ത് നിന്ന് ആളുകളം പൊലീസ് ഒഴിപ്പിച്ചു. അപകട സ്ഥലം വഴിയുള്ള ഗതാഗതം പൂർണമായി നിർത്തിവെച്ചതായി പൊലീസ് പറഞ്ഞു.








