ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. ഹരിയാനയിലെ സാധാരണ ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് സുപ്രിംകോടതിയുടെ ഉന്നത പദവിയിലേക്ക് എത്തുന്ന 63-കാരനായ ജസ്റ്റിസ് സൂര്യകാന്ത് നിരവധി സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമായിരുന്നു. ഹരിയാനയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് ജസ്റ്റിസ് സൂര്യകാന്ത്
കഠിനാധ്വാനത്തിനും തൊഴില്‍ നൈതികതയ്ക്കും പേരുകേട്ട വ്യക്തിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ജസ്റ്റിസ് സൂര്യകാന്ത്. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ പെറ്റ്വാര്‍ ഗ്രാമത്തില്‍ ജനിച്ച ജസ്റ്റിസ് സൂര്യകാന്ത് ഹിസാറിലെ ജില്ലാ കോടതികളിലാണ് പ്രാക്ടീസ് ആരംഭിച്ചത്. തുടര്‍ന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് മാറിയ സൂര്യകാന്ത്, 2000 ജൂലൈയില്‍, 38-ാം വയസ്സില്‍ ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി നിയമിതനായി. 2004 ല്‍ 42-ാം വയസ്സില്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായ സൂര്യകാന്ത് 14 വര്‍ഷത്തോളം ആ പദവിയില്‍ തുടര്‍ന്നു. 2018ല്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായ സൂര്യകാന്ത് 2019ലാണ് സുപ്രീം കോടതിയിലേക്ക് നിയമിക്കപ്പെട്ടത്.
നാല് പതിറ്റാണ്ട് നീണ്ട തൊഴില്‍ജീവിതത്തില്‍ ജസ്റ്റിസ് സൂര്യകാന്ത് വിപ്ലവകരമായ പല വിധിന്യായങ്ങളും പ്രസ്താവിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലും ഇലക്ടറല്‍ ബോണ്ട്, പെഗാസസ് ചാര സോഫ്റ്റ് വെയര്‍ തുടങ്ങിയ നിര്‍ണ്ണായക വിഷയങ്ങളിലെ വിധിന്യായങ്ങളുടെ ബെഞ്ചിലും ജസ്റ്റിസ് സൂര്യകാന്ത് പ്രവര്‍ത്തിച്ചു. രാജ്യദ്രോഹ നിയമം പുനപ്പരിശോധിക്കുന്നതു വരെ പുതിയ കേസ്സുകള്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സര്‍ക്കാരുകളോട് ആവശ്യപ്പെടുന്ന ഉത്തരവും കേണല്‍ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ചുകൊണ്ട് അഭിപ്രായസ്വാതന്ത്ര്യത്തിന് പരിധികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഉത്തരവും ജസ്റ്റിസ് സൂര്യകാന്തിന്റെതാണ്.
ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിയമപരമായ ചട്ടക്കൂട് നിര്‍മ്മിക്കാനായി വിദഗ്ധ സമിതി നിര്‍മ്മിക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചതും തുടങ്ങി നിരവധി സുപ്രധാന വിധിന്യായങ്ങളും സൂര്യകാന്തിന്റെതായിട്ടുണ്ട്. പ്രതിരോധസേനകള്‍ക്കായുള്ള വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി ശരിവച്ചതും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സ്വമേധയാ കേസ്സെടുത്ത് നടപടി ആരംഭിച്ചതും ജസ്റ്റിസ് സൂര്യകാന്ത് ആയിരുന്നു. 2027 ഫെബ്രുവരി 9 വരെ ജസ്റ്റിസ് സൂര്യകാന്ത് സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും.









