ദുബായില്‍ തേജസ് വിമാനം തകര്‍ന്ന് വീരമൃത്യു വരിച്ച വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന് വികാരനിഭരമായ യാത്രയയപ്പ് നല്‍കി രാജ്യം. ജന്മനാടായ ഹിമാചല്‍പ്രദേശിലെ കാംഗ്രയില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ ഭൗതികശരീരം സംസ്‌കരിച്ചു.
വിങ്ങിപ്പൊട്ടി അന്തിമ സല്യൂട്ട് നല്‍കിയാണ് വ്യോമസേനയില്‍ ഉദ്യോഗസ്ഥയായ ഭാര്യ വിങ് കമാന്‍ഡര്‍ അഫ്ഷാന്‍ നമന്‍ഷിനെ യാത്രയാക്കിയത്.
ആറുവയസുള്ള മകളും കുടുംബാംഗങ്ങളും തമിഴ്‌നാട്ടിലെ സുളൂര്‍ മുതല്‍ ഭൗതികശരീരത്തെ അനുഗമിച്ചു.
കാംഗ്രയിലെ വിലാപയാത്രയില്‍ ആയിരക്കണക്കിനുപേര്‍ ഒത്തുചേര്‍ന്നു. വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന് മരണമില്ലെന്ന് ആള്‍ക്കൂട്ടം ആര്‍ത്തുവിളിച്ചു. കുടുംബാംഗങ്ങളുടെയും വ്യോമസേനയിലെ സഹപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു.
അതിനിടെ, റഷ്യന്‍ എയ്‌റോബാറ്റിക് ടീം നമാംശ് സ്യാലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.ദുബായില്‍ നടന്ന ചടങ്ങില്‍, ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തല്‍ അടക്കമുള്ളവര്‍ മൃതദേഹത്തില്‍ ആദരം അര്‍പ്പിച്ചു. എമിററ്റി പ്രതിരോധ സേന ആചാരപരമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു.ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ദുബൈയില്‍ നിന്നും കൊണ്ടുവന്നത്.
അതേസമയം, അപകടത്തിന്റെ കാരണം കണ്ടെത്താന്‍ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ വ്യോമസേന അഗാധമായി ദുഃഖം രേഖപ്പെടുത്തി.
സമര്‍പ്പണബോധമുള്ള പൈലറ്റും സമഗ്രമായ പ്രൊഫഷണലുമായ അദ്ദേഹം അചഞ്ചലമായ പ്രതിബദ്ധത, അസാധാരണമായ വൈദഗ്ദ്ധ്യം, വിട്ടുവീഴ്ചയില്ലാത്ത കര്‍ത്തവ്യബോധം എന്നിവയാല്‍ രാഷ്ട്രത്തെ സേവിച്ചുവെന്നും,അദ്ദേഹത്തിന്റെ സേവനം നന്ദിയോടെ സ്മരിക്കപ്പെടുമെന്നും പ്രസ്താവനയില്‍ വ്യോമസേന അറിയിച്ചു.






