യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രചാരണം നടത്തുന്നതില്‍ തെറ്റില്ലെന്ന് വി കെ ശ്രീകണ്ഠന് എംപി. രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ല. സസ്പെന്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോഴും യുഡിഎഫ് എംഎല്‍എയാണ്. രാഹുല്‍ ഔദ്യോഗിക പാര്‍ട്ടി ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല എന്നും വി കെ ശ്രീകണ്ഠന് പറഞ്ഞു.
ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരനെയും പ്രിയ അജയനെയും വി കെ ശ്രീകണ്ഠന് എംപി കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു. ബിജെപി വിട്ട് വര്‍ഗീയത ഒഴിവാക്കി കോണ്‍ഗ്രസിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്ന് വി കെ ശ്രീകണ്ഠന് പറഞ്ഞു.
ബിജെപിക്കുള്ളില്‍ ജാതിയുടെ പേരില്‍ തര്‍ക്കം നടക്കുകയാണ്. വനിതകള്‍ക്ക് പദ്ധതി പ്രഖ്യാപിക്കുന്ന മോദി പാലക്കാട് നഗരസഭയിലെ ചെയര്‍പേഴ്സണ്‍മാരായ സ്ത്രീകളെ ഒറ്റപ്പെടുത്തുന്നത് അറിയുന്നില്ലെന്നും വി കെ ശ്രീകണ്ഠന് പറഞ്ഞു.
പ്രിയ അജയന് കണ്ണുനീര് തുടയ്ക്കുന്നത് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കണ്ടിട്ടുണ്ട്. അവരെ നോക്കുകുത്തിയാക്കി മാറ്റി. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെയായിരുന്നു. ഭരിക്കാന്‍ പോലും അനുവദിച്ചില്ല. പ്രിയ അജയന് അഴിമതിക്കാരിയല്ല. അവരെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തിയെന്നും വി കെ ശ്രീകണ്ഠന് പറഞ്ഞു.





