Headlines

‘ബിഎൽഒ അനീഷ് ജോർജിനെ CPIM ഭീഷണിപ്പെടുത്തി’; ആരോപണവുമായി കോൺഗ്രസ്

കണ്ണൂർ ഏറ്റുകുടുക്കയിൽ ആത്മഹത്യ ചെയ്ത ബിഎൽഒ അനീഷ് ജോർജിനെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന് കോൺഗ്രസ്. ഇതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. കോൺഗ്രസ്‌ ബി എൽ ഒ വൈശാഖ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. ഡി സി സി പ്രസിഡന്റ് ശബ്ദരേഖ പുറത്തുവിടും. തിരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം നടത്തണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടു.

കോൺ​ഗ്രസ് ബിഎൽഒയെ ഒപ്പം കൊണ്ടുപോകാൻ പാടില്ലെന്ന് സിപിഐെം അനീഷിന് നിർദേശം നൽകി സമ്മർദ​ത്തിലാക്കിയെന്നാണ് കോൺ​ഗ്രസ് ഉന്നയിക്കുന്ന ആരോപണം. കോൺഗ്രസ് കണ്ണൂർ ജില്ലാ നേതാക്കളാണ് അനീഷ് ജോർജിന്റെ മരണത്തിൽ സിപിഐഎമ്മിനെതിരെ ആരോപണം ഉന്നയിച്ചത്. എസ്ഐആർ നടപടികൾക്കായി കോൺഗ്രസിന്റെ ബൂത്ത് ലെവൽ ഏജന്റ് ഒപ്പം വരുന്നതിൽ അനീഷിനെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന് നേതാക്കൾ പറഞ്ഞു.

എസ്ഐആറുമായി ബന്ധപ്പെട്ട് മകൻ കടുത്ത സമ്മർദ്ധത്തിൽ ആയിരുന്നുവെന്ന് പിതാവ് പറ‌ഞ്ഞു. ഇത്രത്തോളം എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മറ്റാർക്കും പങ്കില്ലെന്നും പിതാവ് വ്യക്തമാക്കി. എല്ലാവരെയും കണ്ടെത്താൻ മകൻ ബുദ്ധിമുട്ടിയെന്നും പിതാവ് പറഞ്ഞു. അതേസമയം മരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സിപിഐഎം രംഗത്തെത്തി. അനീഷ് കടുത്ത ജോലി സമ്മർദ്ദത്തിലായിരുന്നു. ഇനിയും അനീഷ് ജോർജുമാരെ കൊലയ്ക്ക് കൊടുക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് മരണത്തിന് ഉത്തരവാദിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മരണത്തിൽ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് എൻജിഒ അസോസിയേഷൻ അറിയിച്ചു.