Headlines

നേർക്കുനേർ പോരിന് കോൺഗ്രസും ലീഗും; തദ്ദേശ തിരഞ്ഞെടുപ്പിൽ പൊന്മുണ്ടത്ത് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം

തദ്ദേശ തെരഞ്ഞെടുപ്പിൽ നേർക്കുനേർ പോരാട്ടത്തിനൊരുങ്ങുകയാണ് മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിലെ ലീഗുകാരും കോൺഗ്രസുകാരും. ലീഗ്, കോൺഗ്രസ് ജില്ലാ നേതൃത്വങ്ങൾ സമവായത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും സാധ്യതകൾ കുറവാണ്. എല്ലാ തദ്ദേശ തെരഞ്ഞെടുപ്പിലും ഈ പഞ്ചായത്തിൽ ലീഗും കോൺഗ്രസും പരസ്പരം പോരാടുന്നതാണ് ചരിത്രം.
കഴിഞ്ഞ 15 വർഷമായി മുസ്ലിം ലീഗാണ് പഞ്ചായത്ത് ഭരിക്കുന്നത്. ആകെ 16 സീറ്റുകളിൽ 12 ലീഗിനും 4 കോൺഗ്രസിനുമാണ്. ഇടതുപക്ഷത്തിന് സീറ്റില്ല. ഇത്തവണ 2 വാർഡുകളാണ് അധികമായി കൂടിയത്.
യുഡിഎഫ് സഖ്യമായി മത്സരിക്കണമെങ്കിൽ 9 സീറ്റുകളും രണ്ടരവർഷം പ്രസിഡൻറ് സ്ഥാനവുമാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

കോൺഗ്രസ് അവരുടെ ശക്തി മനസ്സിലാക്കി വേണം സീറ്റുകൾ ആവശ്യപ്പെടാനെന്നതാണ് ലീഗിന്റെ നിലപാട്. യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ സമവായശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ മുസ്ലിം ലീഗും കോൺഗ്രസും സിപിഐഎമ്മും ബിജെപിയും നേർക്ക് നേർ പോരാടുന്ന പഞ്ചായത്തായി പൊന്മുണ്ടം മാറും.