അർജന്റീനയുടെ മത്സരത്തിന്റെ പേരിൽ കലൂർ സ്റ്റേഡിയം സ്പോണ്‍സർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ടെന്ന് തെളിയിക്കുന്ന രേഖകൾ . സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷന് കൈമാറിയത് വി അബ്ദുറഹ്മാന്റെ നിർദേശ പ്രകാരമെന്നാണ് കണ്ടെത്തൽ. സ്പോൺസർക്ക് എസ്‌കെഎഫ് കരാറില്ലാതെ സ്റ്റേഡിയം വിട്ടുനല്‍കിയെന്നും രേഖകളിൽ വ്യക്തമാണ്. കായികവകുപ്പിന്റെ നിർദേശമാണ് പുറത്തുവിട്ടിരിക്കുന്നത്. സ്റ്റേഡിയം കൈമാറുന്നതിന് കരാർ വേണമെന്ന് കത്തില്‍ നിർദേശിക്കുന്നു.
അതേസമയം കലൂർ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വിഷയം പ്രചാരണായുധമാക്കും. മെസിയെ കൊണ്ടുവരാമെന്ന് പറഞ്ഞ് സർക്കാർ നാട്ടുകാരെ പറ്റിച്ചെന്ന് പറഞ്ഞ് പ്രചരണം നടത്തും. കൊച്ചിയുടെ സ്വന്തമായ സ്റ്റേഡിയം വളഞ്ഞ വഴിയിൽ കൈമാറാൻ ശ്രമിച്ചു എന്നതും പ്രചരണ വിഷയമാക്കും. കോൺഗ്രസ് പ്രതിഷേധത്തിനെതിരെ കേസ് എടുത്തതിന് പിന്നാലെയാണ് പുതിയ തീരുമാനം.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പ്രതിഷേധം തുടരാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
നവംബർ 17ന് ടീം അർജന്‍റീന എത്തില്ലെന്ന് ഉറപ്പായതോടെ കലൂർ സ്റ്റേഡിയം നവീകരണ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണെന്നാണ് വ്യാപാരികളുടെ പരാതി. അറ്റകുറ്റപ്പണികൾ നീണ്ടുപോകുന്നത് കച്ചവടത്തെ ബാധിക്കുന്നുണ്ടെന്നും എത്രയും വേഗം നിർമാണം പൂർത്തിയാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. സ്റ്റേഡിയം നവീകരണം നവംബർ 30 നകം തന്നെ പൂർത്തിയാക്കി ജിസിഡിഎയ്ക്ക് കൈമാറാൻ സ്പോൺസറോട് എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടിട്ടുണ്ട്.






