കായിക മന്ത്രി അബ്ദുറഹിമാനും പിണറായി സർക്കാരും കേരളത്തിലെ കായിക പ്രേമികളെ വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് ഡോ. ജിന്റോ ജോണ്‍. ”നിൻ്റെയൊന്നും ചോദ്യങ്ങൾക്ക് മറുപടി പറയലല്ല എൻ്റെ പണി” മന്ത്രി വി അബ്ദുറഹിമാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞ ഈ സ്റ്റേറ്റ്മെന്റ് കേരളത്തിലെ കായിക പ്രേമികളോടുള്ള വെല്ലുവിളിയാണ്. സർക്കാർ എങ്ങനെയാണ് മെസിയെ കൊണ്ടുവരാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതെന്നും എങ്ങനെയാണ് ഇതിനായി സ്പോൺസറെ കണ്ടെത്തിയതെന്നും ജിന്റോ ജോണ്‍ ചോദിക്കുന്നു.
സ്പോൺസറെ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, യോഗ്യതകൾ എന്തൊക്കെയായിരുന്നു? മെസിയേയും അർജന്റിന ടീമിനേയും കേരളത്തിൽ കൊണ്ടുവരുമെന്നുള്ള വ്യക്തമായ ഔദ്യോഗിക ഉറപ്പ് പോലുമില്ലാതെ പ്രചരണം നടത്തി കലൂർ സ്റ്റേഡിയത്തിൽ എന്തിനാണ് പണികൾ നടത്തിയത്? ഇതിനായി എത്ര കോടി രൂപ ഇതുവരെ ചെലവഴിച്ചു? ഏത് അക്കൗണ്ടിൽ നിന്നാണ് ചെലവഴിച്ചത്? ആ നഷ്ടത്തിന്റെ ബാധ്യത സർക്കാരും ജിസിഡിഎയും ആണോ വഹിക്കുന്നത്? ആന്റോ അഗസ്റ്റിനാണ് വഹിക്കുന്നതെങ്കിൽ വ്യാജപ്രചാരണത്തിലൂടെ വസൂലാക്കിയ പണമാണോ എന്ന് അതിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമോയെന്നും ജിന്റോ ജോണ്‍ ചോദിക്കുന്നു.
ശബരിമല ശാസ്താവിന്റെ സ്വർണ്ണം കട്ട ഉണ്ണികൃഷ്ണൻ പോറ്റിയെ സ്പോൺസർ ആയി കണ്ടെത്തിയതുപോലെ കേരളത്തിലെ കായിക പ്രേമികളെ വഞ്ചിച്ചു കൊണ്ട് ശതകോടികളുടെ കൊള്ളക്കായി ആന്റോ അഗസ്റ്റിനെ കൂട്ടുപിടിച്ച് സർക്കാർ നടത്തിയ ഗൂഢാലോചനയാണ് ഇത്. പിണറായി സർക്കാരിന്റെ പരിപാടികൾക്ക് വരുന്ന സ്പോൺസർമാരൊക്കെ ഒന്നൊഴിയാതെ എല്ലാം വിശ്വാസവഞ്ചകരും കള്ളന്മാരും കൊള്ളക്കാരും മാത്രം ആകുന്നത് എന്തുകൊണ്ടാണെന്നും ജിന്റോ ചോദിക്കുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.







