Headlines

ഓസ്‌ട്രേലിയയില്‍ പരിശീലനത്തിനിടെ ക്രിക്കറ്റ് പന്ത് തട്ടി പതിനേഴുകാരന്‍ മരിച്ചു; ദുഃഖം രേഖപ്പെടുത്തി താരങ്ങള്‍

ഞെട്ടിക്കുന്ന സംഭവമാണ് ഓസ്‌ട്രേലിയയില്‍ നിന്ന് പുറത്തെത്തുന്നത്. മെല്‍ബണില്‍ പരിശീലനത്തിനിടെ ക്രിക്കറ്റ് പന്തിനാല്‍ കഴുത്തിലിടിയേറ്റ പതിനേഴുകാരനായ താരം മരിച്ചു. ബെന്‍ ഓസ്റ്റിന്‍ എന്ന കൗമാരക്കാരനാണ് ഫെന്‍ട്രി ഗള്ളിയിലെ വാലി ട്യൂ റിസര്‍വില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പരിശീലനം നടത്തുന്നതിനിടെ ദാരുണന്ത്യമുണ്ടായത്. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ബൗളിങ് മെഷീനില്‍ നിന്ന് ശക്തമായ വേഗതയില്‍ എത്തിയ പന്ത് കുട്ടിയുടെ കഴുത്തിനും തലക്കുമിടക്കുള്ള ഭാഗത്ത് ഇടിക്കുകയായിരുന്നു. നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോള്‍ മെഷീനില്‍ നിന്നുള്ള പന്തുകള്‍ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. 29ന് പ്രാദേശിക സമയം വൈകുന്നേരം 4.45 ഓടെയായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ കൗമാരക്കാരന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തി.

പ്രദേശിക ക്ലബ്ബുകളായ ഫെര്‍ട്രി ഗള്ളിയും എയില്‍ഡണ്‍ പാര്‍ക്കും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി നെറ്റ്‌സില്‍ പരിശീലനം നടത്തുകയായിരുന്നു ബെന്‍ ഓസ്റ്റിനെന്ന് ന്യൂസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും അതില്‍ കഴുത്ത് ഗാര്‍ഡ് ഉപയോഗിച്ചിരുന്നില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഫെര്‍ട്രി ഗള്ളി, മള്‍ഗ്രേവ്, എല്‍ഡണ്‍ പാര്‍ക്ക് ക്രിക്കറ്റ് ക്ലബ്ബുകളില്‍ സജീവ അംഗമായിരുന്ന ബെന്‍. ”ബെന്‍ ഓസ്റ്റിന്റെ മരണം ഞങ്ങളെ അങ്ങേയറ്റം തകര്‍ത്തിരിക്കുന്നു, ഇത് ഞങ്ങളുടെ ക്രിക്കറ്റ് കമ്മ്യൂണിറ്റിയില്‍ എല്ലാവര്‍ക്കും മറക്കാനാവാത്തതായിരിക്കും.” ഫെര്‍ട്രി ഗള്ളി ക്രിക്കറ്റ് ക്ലബ് ഫേസ്ബുക്കില്‍ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.