പിഎം ശ്രീ പദ്ധതിയില്‍ സിപിഐഎം ഒടുവില്‍ കീഴടങ്ങിയിരിക്കുന്നു. വിഷയത്തില്‍ സിപിഐയുടെ ശക്തമായ സമ്മര്‍ദമാണ് സിപിഐഎമ്മിനെ വലച്ചത്. പിഎം ശ്രീ പദ്ധതി പിന്‍വലിക്കാതെ തങ്ങളുടെ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെ സിപിഐഎം പ്രതിരോധത്തിലാവുകയായിരുന്നു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ സിപിഐയുടെ നിലപാട് വലിയ തിരിച്ചടിക്ക് വഴിയൊരുങ്ങുമെന്ന തിരിച്ചറിവാണ് പിഎം ശ്രീയില്‍ യു ടേണ്‍ എടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ രഹസ്യമായി പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ട വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് ഇടതുപക്ഷത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് വഴിമാറുകയായിരുന്നു. കാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട നിലപാട് സിപിഐഎമ്മിനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയായിരുന്നു.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. 1400 കോടി രൂപ വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കുമെന്നും, അത് നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ തയ്യാറല്ലെന്നായിരുന്നു വി ശിവന്‍കുട്ടി വ്യക്തമാക്കിയത്. പിഎം ശ്രീയിലൂടെ ബിജെപി – സംഘ്പരിവാര്‍ അജണ്ടകള്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കുകയാണെന്നും നേരത്തെ സിപിഐഎമ്മും സിപിഐയും അടങ്ങുന്ന ഇടത് പാര്‍ട്ടികള്‍ നിലപാട് സ്വീകരിച്ചിരുന്നു. ബിജെപി സര്‍ക്കാരിന്റെ ഒരു അജണ്ടയും അടിച്ചേല്‍പ്പിക്കാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് കേരളം പിഎം ശ്രീയില്‍ ഒപ്പിടുന്നത്. ഇത് സിപിഐയെ പ്രതിരോധത്തിലാക്കി. ഇതേതുടര്‍ന്നാണ് മന്ത്രിസഭായോഗ ബഹിഷ്‌ക്കരണം അടക്കമുള്ള ശക്തമായ പ്രതിഷേധത്തിലേക്ക് സിപിഐ നീങ്ങിയത്.
ഇതൊരു സര്‍ക്കാരാണോ എന്നും മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്നും ബിനോയ് വിശ്വം ആരോപണം ഉന്നയിച്ചു. സിപിഐയെ ഇരുട്ടത്ത് നിര്‍ത്തിയെന്നായിരുന്നു പ്രധാന ആരോപണം. ഇതോടെ സര്‍ക്കാരില്‍ കൂട്ടായ്മ നഷ്ടപ്പെട്ടുവെന്ന അവസ്ഥകൈവരികയായിരുന്നു. വിദേശത്തായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയതിന് ശേഷം, സിപിഐ നേതൃത്വത്തെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി തീരുമാനം അംഗീകരിപ്പിക്കാനുള്ള നീക്കവും നടത്തി.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാനുള്ള തീരുമാനം മുന്നണിയിലോ, മന്ത്രിസഭായോഗത്തിലോ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായ നടപ്പാക്കിയതിനെ സിപിഐ ചോദ്യം ചെയ്ത് രംഗത്തുവന്ന ആദ്യഘട്ടത്തില്‍ പദ്ധതിയെ ന്യായീകരിക്കാനാണ് സിപിഐഎം തയാറായത്. സിപിഐ നിലപാട് കടുപ്പിച്ചതോടെ മറ്റു പോംവഴിയില്ലാത്തതിനാലാണ് കരാറില്‍ ഒപ്പിട്ടതെന്നും, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായൊരു സാഹചര്യത്തിലാണ് പിഎം ശ്രീയുടെ ഭാഗമാവുന്നതെന്നുമായിരുന്നു വകുപ്പുമന്ത്രിയുടെ നിലപാട്. സിപിഐയെ എങ്ങനെയെങ്കിലും വരുതിയിലാക്കാമെന്ന ധാരണയും പൊളിഞ്ഞതോടെ തര്‍ക്കത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു.
മന്ത്രിസഭാ ബഹിഷ്‌കരണവുമായി സിപിഐ മുന്നോട്ടുപോയാല്‍ അത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുമെന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ തയ്യാറായത്. പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ സര്‍ക്കാര്‍ വൃത്തഘങ്ങള്‍ തീരുമാനിച്ചതായി സിപിഐ അറിയിച്ചു. ഇതോടെയാണ് ഇന്ന് നടക്കുന്ന ക്യാബിനറ്റ് മീറ്റിംഗില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കാന്‍ തീരുമാനമാവുന്നത്.
പിഎം ശ്രീയില്‍ നിലപാടുകടുപ്പിച്ച സിപിഐയെ ഒപ്പം നിര്‍ത്താന്‍ ആദ്യശ്രമം ആരംഭിച്ചത് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയായിരുന്നു. എംഎന്‍ സ്മാരകത്തിലെത്തിയ മന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായും മന്ത്രി ജിആര്‍ അനിലുമായും ചര്‍ച്ചകള്‍ നടത്തിയെങ്കലും സമവായ നീക്കങ്ങള്‍ പരാജയപ്പെടുകയായിരുന്നു. പിഎം ശ്രീയില്‍ ഇനിയെന്ത് എന്ന ആശങ്ക ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുമുണ്ടായിരുന്നു. ഇടത് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയെ ഒരുമിച്ച് നിര്‍ത്തേണ്ടത് മുന്നണിയുടെ നിലനില്‍പ്പിന് തന്നെ അനിവാര്യമാണെന്നിരിക്കെ പിഎം ശ്രീ വിഷയത്തില്‍ സിപിഐഎമ്മിലും അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു.
സിപിഐ ദേശീയ നേതൃത്വം സിപിഐഎം ദേശീയ ജന.സെക്രട്ടറി എംഎ ബേബിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനമൊന്നും ഉണ്ടാകാതെ വന്നതോടെ കേന്ദ്രനേതൃത്വം ശക്തമായ നിലപാട് സ്വീകരിച്ചു. പിഎം ശ്രീ പദ്ധതിയില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്മാറണമെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പരസ്യനിലപാട് പ്രഖ്യാപിച്ചു. ഇതോടെ സിപിഐഎം കൂടുതല്‍ പ്രതിരോധത്തിലായി. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും കേന്ദ്ര വിദ്യാഭ്യാസ നയം പൂര്‍ണമായും നടപ്പാക്കില്ലെന്ന മറ്റൊരു ന്യായവുമായി സര്‍ക്കാര്‍ രംഗത്തുവന്നെങ്കിലും പദ്ധതി റദ്ദാക്കുന്നതില്‍ കുറഞ്ഞൊരു നിലപാടും തങ്ങള്‍ അംഗീകരിക്കില്ലെന്നും, മന്ത്രിസഭാ യോഗ ബഹിഷ്‌ക്കരണം നടത്തുമെന്ന നിലപാട് ശക്തമാക്കാനും തീരുമാനിച്ചു.
സിപിഐഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കേരളത്തില്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടുന്നതിനെതിരെ തമിഴ്നാട്ടിലെ ഭരണ കക്ഷിയായ ഡിഎംകെ രംഗത്തെത്തിയിരുന്നു. എത്ര കോടികള്‍ ലഭിക്കുമെന്നു പറഞ്ഞാലും പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടില്ലെന്നായിരുന്നു തമിഴ്നാട് സര്‍ക്കാരിന്റേയും ഡിഎംകെയുടേയും നിലപാട്.
കേരള സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പിട്ടതിനെതിരെ സംസ്ഥാനത്തും, ദേശീയതലത്തിലും വന്‍പ്രതിഷേധങ്ങള്‍ ഉടലെടുത്തിരുന്നു. സിപിഐഎം, ബിജെപിയുമായി രാഷ്ട്രീയ അന്തര്‍ധാര ഉണ്ടാക്കിയെന്ന ചര്‍ച്ചകള്‍ ശക്തമായതോടെ സിപിഐഎമ്മിന് പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്തിരിയേണ്ടിവരികയായിരുന്നു. സിപിഐ നടത്തിയ രാഷ്ട്രീയ നീക്കം ഫലം കണ്ടതിന്റെ ആശ്വാസത്തിലാണ് നേതാക്കള്‍.









