Headlines

P M ശ്രീ പദ്ധതി; ഭിന്നതകൾക്കിടെ എൽഡിഎഫ് യോഗം ചേരും

കേന്ദ്ര വിദ്യാഭ്യാസ പദ്ധതി പി എം ശ്രീയിൽ ഒപ്പുവയ്ക്കാനുള്ള സർക്കാർ നീക്കത്തിൽ മുന്നണിയിൽ ഭിന്നത ശക്തമായിരിക്കെ LDF യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ സൗകര്യം നോക്കിയായിരിക്കും യോഗം ചേരാനുള്ള തീയതി നിശ്ചയിക്കുക. ഈ യോഗത്തിന് ശേഷമായിരിക്കും P M ശ്രീ പദ്ധതിയുടെ കാര്യത്തിൽ നയപരമായ തീരുമാനം സർക്കാരും എൽഡിഎഫും സ്വീകരിക്കുക. സിപിഐയുടെ ആശങ്ക സ്വാഭാവികമെന്നാണ് LDF കൺവീനർ ടി പി രാമകൃഷ്ണന്റെ പ്രതികരണം.

മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ ഏകപക്ഷീയമായാണ് പൊതുവിദ്യാഭ്യാസ മന്ത്രി നീങ്ങിയതെന്ന വിമർശനം മുന്നണിയിൽ ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ യോഗം ചേരുന്ന കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം പോലും തേടിയിരുന്നില്ല.

കേന്ദ്രത്തിനുവേണ്ടി ആർഎസ്എസ് ഒരുക്കിയ കെണിയിൽ വീഴരുതെന്നാണ് സിപിഐ മുഖപത്രം ജനയുഗത്തിലെ ലേഖനത്തിലെ മുന്നറിയിപ്പ്. പിഎം ശ്രീയിൽ ഇനി കൂടുതൽ പ്രതികരണം ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.

ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കുന്ന 14500 മാതൃകാ സ്‌കൂളുകൾ സൃഷ്ടിക്കുന്ന പദ്ധതിയാണ് പി എം ശ്രീ. ഈ സ്‌കൂളുകളിൽ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കും. അധ്യാപകർക്ക് കൃത്യമായ പരിശീലനം നൽകിയും നിരന്തരമായ മേൽനോട്ടം ഉറപ്പുവരുത്തിയും മികവിന്റെ കേന്ദ്രങ്ങളായി പി.എം ശ്രീ സ്‌കൂളുകളെ മാറ്റും. പ്രത്യേക ഫണ്ടിൽ 60 ശതമാനം കേന്ദ്രം നൽകും. കേരളം, ബംഗാൾ, തമിഴ്‌നാട് ഒഴികെയുള്ള മുഴുവൻ സംസ്ഥാനങ്ങളിലും പി.എം ശ്രീ സ്‌കൂളുകൾ നിലവിൽവന്നു കഴിഞ്ഞു.