Headlines

അമൂല്യവസ്തുക്കൾ കവർന്നത് ഏഴുമിനിറ്റിൽ; ലൂവ്ര് മ്യൂസിയം കൊള്ളയിൽ അന്വേഷണം ഊർജിതം

പാരീസിലെ ലൂവ്ര് മ്യൂസിയം കൊള്ളയിൽ, കവർച്ചക്കാർക്കായി അന്വേഷണം ഊർജിതം. നാലംഗ സംഘം കവർച്ച നടത്തിയത് ഏഴ് മിനിറ്റുകൊണ്ടെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് വ്യക്തമാക്കി. ലിയനാഡോ ഡാവിഞ്ചിയുടെ മൊണോലിസ അടക്കമുള്ള കലാസൃഷ്ടികൾ സൂക്ഷിക്കുന്ന മ്യൂസിയത്തിലാണ് മോഷണം നടന്നത്.

കവർച്ചയ്ക്ക് ശേഷം സംഘം രക്ഷപ്പെട്ടത് സ്കൂട്ടറിലാണ്. നഷ്ടപ്പെട്ടത് ഒൻപത് ആഭരണങ്ങളെന്നാണ് റിപ്പോർട്ട്. നെപ്പോളിയൻ മൂന്നാമന്റെ പത്നി യൂജിൻ ചക്രവർത്തിനിയുടേതെന്ന് കരുതുന്ന കിരിടം മ്യൂസിയത്തിന് പുറത്ത് കണ്ടെത്തി. ലിഫ്റ്റ് ഉപയോഗിച്ച് മ്യൂസിയത്തിൽ പ്രവേശിച്ച മോഷ്ടാക്കർ ജനാലകൾ തകർത്താണ് ഉള്ളിൽ പ്രവേശിച്ചത്.

മോഷണത്തെത്തുടർന്ന് ഞായറാഴ്ചമുഴുവൻ ലൂവ്ര് അടച്ചിട്ടു. പ്രാദേശികസമയം രാവിലെ ഒൻപതിന് (ഇന്ത്യൻസമയം ഉച്ചയ്ക്ക് ഒന്ന്) മ്യൂസിയം തുറന്ന് അരമണിക്കൂർ പിന്നിട്ടപ്പോഴായിരുന്നു മോഷണം. അപ്പോളോ ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്ന വസ്തുക്കളാണ് കള്ളന്മാർ കൊണ്ടുപോയതെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറന്റ് നൂനെസ് പറഞ്ഞു. റീജന്റ്, സാൻസി, ഹൊർടെൻഷ്യ എന്നീ പേരുകളിലുള്ള മൂന്ന് വൈരക്കല്ലുകളാണ് കിരീടം കൂടാതെ ഇവിടുള്ളത്. പാരീസ് പൊലീസ് ആസ്ഥാനത്തിന് 800 മീറ്റർ മാത്രം അകലെയാണ് ലൂവ്ര് മ്യൂസിയം.