Headlines

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ; ജോസ് ഫ്രാങ്ക്ളിനെ കോൺഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്ളിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇയാൾക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചത്താലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ജോസ് ഫ്രാങ്ക്ളിനെ സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.നിലവിൽ കൗൺസിലർ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ല.

ലോൺ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നും,ജോസ് ഫ്രാങ്ക്ളിന്റെ നിരന്തര പീഡനം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ സലിത എഴുതിയിരുന്നത്. ജോസ് ഫ്രാങ്ക്ളിൻ ജീവിക്കാൻ സമ്മതിക്കില്ലെന്നായിരുന്നു കുറിപ്പിലെ രണ്ടാം വരി.

മുട്ടക്കാട് ജങ്ഷനിൽ ബേക്കറി നടത്തിയിരുന്ന സലിത കുമാരിക്ക് കട ബാധ്യതകൾ ഉണ്ടായിരുന്നു.കടം തീർക്കാൻ ലോൺ ശരിയാക്കുന്നതിന് വേണ്ടി നെയ്യാറ്റിൻകര തൊഴുക്കലുള്ള ജോസ് ഫ്രാങ്ക്ളിൻറെ ഓഫീസിലെത്തിയപ്പോൾ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് ആത്മഹത്യ കുറിപ്പിൽ ഉള്ളത്. പിന്നീട് ലോണിന്റെ ആവശ്യത്തിന് പോകുമ്പോൾ മകനെയും കൂടെ കൂട്ടിയത് പേടി കൊണ്ടാണെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

ഒരു കൗൺസിലർ എന്ന നിലയിൽ ആവശ്യങ്ങൾക്ക് പോയാൽ ഇങ്ങനെയാണ്. ഭർത്താവില്ല എന്ന് പറഞ്ഞു ഇങ്ങനെയൊക്കെ ചെയ്യാമോ.അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല.ലോണിന്റെ ആവശ്യം എന്തായി എന്ന് ചോദിച്ചാൽ എപ്പോൾ വരും,ഇറങ്ങി വാ എന്നൊക്കെ പറയും. ജോസ് ഫ്രാങ്ക്‌ളിനെ കാരണം ജീവിക്കാൻ വയ്യെന്നും,ജീവിതം അവസാനിപ്പിന്നുവെന്നും പറഞ്ഞാണ് സലിത ആത്മഹത്യ കുറിപ്പ് അവസാനിക്കുന്നത്. സംഭവത്തിൽ ഇയാൾക്കെതിരെ കടുത്ത പ്രതിഷേധം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കെപിസിസിയുടെ തീരുമാനം.